തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു തന്‍റെ ഓഫിസിലെയും വീട്ടിലെയും സ്ഥിരം സന്ദര്‍ശകനെന്ന പ്രസ്‌താവന തെളിയിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെല്ലുവിളിക്കുന്നതായി മന്ത്രി പി. രാജീവ്. ഉത്തമ ബോധ്യമുള്ളത് മാത്രമേ ആരോപണമായി ഉന്നയിക്കാവൂ. അല്ലാതെ ഇത്തരത്തില്‍ അസംബന്ധം പറയരുതെന്നും പി. രാജീവ് പറഞ്ഞു.
വീട്ടിലോ ഓഫിസിലോ ആര്‍.വി ബാബു എത്തിയിട്ടില്ല. ഇരിക്കുന്ന പദവിയുടെ നിലവാരത്തിന് യോജിച്ച പ്രസ്‌താവനകളാണ് പ്രതിപക്ഷ നേതാവ് നടത്തേണ്ടത്. രാഷ്‌ട്രീയ നിലപാടുകളില്‍ തെറ്റുകളുണ്ടായാല്‍ ചൂണ്ടിക്കാട്ടാം. അല്ലാതെ വ്യക്തിപരമായി ഇല്ലാത്ത ആരോപണം ഉന്നയിക്കുകയല്ല വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ മത്സരമല്ല നടന്നത്, രാഷ്‌ട്രീയ പോരാട്ടമാണ് നടന്നത്. പ്രതിപക്ഷ നേതാവ് അതിനെ വ്യക്തിപരമായാകും കണ്ടത്. തൃശൂരിലെ ആര്‍എസ്‌എസ് വേദിയിലെ പ്രസംഗത്തെ കുറിച്ചോ ഗോള്‍വാക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിച്ചതിനെ കുറിച്ചോ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
1977ല്‍ ആര്‍എസ്‌എസ് പിന്തുണയുമായാണ് പിണറായി വിജയന്‍ ജയിച്ചതെന്നത് ശരിയായ പ്രസ്‌താവനയല്ല. അന്ന് ബിജെപിയോ, ജനസംഘമോ ഉണ്ടായിരുന്നില്ല. ജനത പാര്‍ട്ടിയാണ് ഉണ്ടായിരുന്നത്. കാര്യങ്ങള്‍ വ്യക്തമാക്കിയുള്ള പ്രതികരണമാണ് നടത്തേണ്ടതെന്നും പി. രാജീവന്‍ വ്യക്തമാക്കി.