തിരുവനന്തപുരം: മഴ തുടര്‍ന്നാല്‍ ഓണം കണക്കാക്കിയുള്ള കൃഷി അവതാളത്തില്‍ ആകുമെന്നും കൃഷിനാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കൃഷിവകുപ്പിന്‍റെ കീഴില്‍ സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കൃത്യമായ കണക്ക് ഇതുവരെ എടുത്തിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.
മെയ് 15ന് ശേഷം ശേഖരിച്ച നെല്ലിന്‍റെ പണം നല്‍കാനുണ്ട്. നെല്ല് സംഭരണം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി ഇടപെടും. ശാശ്വത പരിഹാരം കണ്ടെത്താന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ ഉപസമിതി പരിശോധിക്കുമെന്നും മന്ത്രി പി പ്രസാദ് വ്യക്തമാക്കി.
പ്രതിസന്ധിയില്‍ കാര്‍ഷിക മേഖല: സംസ്ഥാനത്ത് കാലവര്‍ഷം കൂടി ശക്തമായതോടെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കൃഷിനാശം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇതു വരെ സര്‍ക്കാര്‍ ഔദ്യോഗികമായി കണക്കെടുപ്പ് ആരംഭിച്ചിട്ടില്ല. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നൂറിലധികം വീടുകള്‍ മഴയില്‍ തകര്‍ന്നു. ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞതോടെ കുതിരാനില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂരില്‍ വീടിന് മുന്നിലെ വെള്ളക്കെട്ടില്‍ വീണ് ഇന്നലെ ഫൗസില്‍ ബഷീര്‍ എന്ന വ്യക്തി മരിച്ചിരുന്നു.
കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ റോഡിലേക്ക് മരം വീണ് വാഹനങ്ങള്‍ തകരുകയും ഗതാഗത തടസം ഉണ്ടാവുകയും ചെയ്‌തു. തൃശൂര്‍ ജില്ലയില്‍ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വന്‍ നാശനഷ്‌ടം സംഭവിച്ചു. ഒട്ടേറെ മരങ്ങള്‍ കടപുഴകി വീഴുകയും ദേശീയപാതയില്‍ ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്‌തു.
കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ഇത് ആളുകളെ ആശങ്കയിലാഴ്ത്തി. മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
കടല്‍ക്ഷോഭം രൂക്ഷം: വാക്കടവിലും കപ്പലങ്ങാടിയിലും കടുക്ക ബസാറിലും കടല്‍ക്ഷോഭം ഉണ്ടായി. തുടര്‍ന്ന് നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി. കടല്‍ ഭിത്തി തകര്‍ന്ന ഇടങ്ങളിലാണ് കൂടുതല്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടായിരിക്കുന്നത്.
തീരദേശവാസികളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ദുരന്ത സാധ്യത മേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി 64 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പമ്പ, മണിമലയാറുകള്‍ കരകവിയാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
ശക്തമായ മഴ മുന്നറിയിപ്പ്: അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 11 ജില്ലകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 55 കി മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 55 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയാണുള്ളത്. തീരമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ ജാഗ്രത നിര്‍ദേശം ഉണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.