തിരുവനന്തപുരം: പഴ വർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ നിയമസഭയിൽ. ഇതിനായി അബ്കാരി ചട്ടങ്ങളിൽ ദേദഗതി വരുത്തുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കി വിതരണം ചെയ്യുന്നതിലൂടെ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറച്ചു കൊണ്ടു വരാനാകും. അതേ സമയം ബിയറും വൈനും മദ്യാസക്തി വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി രേഖാ മൂലം നൽകിയ മറുപടിയിൽ പറയുന്നു.
പുതിയ തീരുമാനത്തിലൂടെ പാഴായി പോകുന്ന പഴങ്ങളെ മൂല്യവർധിത ഉൽപന്നമാക്കി മാറ്റാൻ കഴിയുന്നതിനൊപ്പം കർഷകർക്ക് സാമ്പത്തിക നേട്ടവും ഉണ്ടാകും. അതു കൊണ്ട് തീരുമാനത്തിൽ നിന്ന് പിന്മാറേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് മദ്യ ഉപഭോഗത്തിൽ വർധനവുള്ളതായി മന്ത്രി സഭയെ അറിയിച്ചു. മദ്യ വിൽപനയിൽ കഴിഞ്ഞ സാമ്പത്തിക വർഷം നാല് ശതമാനം വർധനവാണ് ഉണ്ടായത്. ബിയർ ഉപഭോഗം അഞ്ച് ശതമാനവും കൂടിയതായും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 158 ബാറുകൾക്ക് പുതിയതായി ലൈസൻസ് അനുവദിച്ചു. ഇത് കൂടാതെ 383 ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയെന്നും മന്ത്രി അറിയിച്ചു. മദ്യ വിൽപനയിലൂടെ സാമ്പത്തിക സ്രോതസ് കണ്ടെത്താമെന്നത് സർക്കാർ നയമല്ലെന്നും മന്ത്രി വ്യക്തമാക്കി. പി. ഉബൈദുള്ള ,എൻ ഷംസുദീൻ, ആബിദ് ഹുസൈൻ തങ്ങൾ, എം.സി കമറുദ്ദീൻ, എൻ. ജയരാജ് , റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, സി.എഫ് തോമസ് എന്നിവരുടെ ചോദ്യത്തിന് രേഖമൂലമാണ് മന്ത്രി മറുപടി നൽകിയത്.