തിരുവനന്തപുരം: ഓൺലൈൻ ക്ലാസിൽ സാമുഹിക വിരുദ്ധർ കടന്നുകയറുന്നതിനെതിരെ കർശന നടപടിയെന്ന് മന്ത്രി എംവി ഗോവിന്ദൻ. ഇക്കാര്യത്തിൽ പഴുതടച്ച സുരക്ഷ വേണം. പല സൈറ്റുകളും വിദേശ നിർമിതമായതിനാൽ നടപടി എടുക്കാൻ കാലതാമസമുണ്ട്. സൈബർ ഡോം കൃത്യമായ ഇടപെടൽ നടത്തുന്നുണ്ടെന്നും സച്ചിൻ ദേവിന്‍റെ സബ്‌മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എംവി ഗോവിന്ദൻ നിയമസഭയിൽ മറുപടി നൽകി.
പ്രതിസന്ധികളെ മറികടന്ന് പഠന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് സാമൂഹ്യവിരുദ്ധര്‍ ഇത്തരം പ്രവർത്തനങ്ങള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാജ ഐഡി ഉപയോഗിച്ച് ഹാക്ക് ചെയ്യുകയും, അശ്ലീല സംഭാഷണങ്ങളും വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായത്. ഈ അധ്യയന വര്‍ഷം സംസ്ഥാനത്ത് ഇത്തരത്തിലുള്ള 51 പരാതികളാണ് പൊലീസിന് ലഭിച്ചത്.
ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ശക്തമായ ബോധവത്കരണത്തിലൂടെ മാത്രമേ ഇതിന്‍റെ അപകടങ്ങളെക്കുറിച്ചുള്ള ബോധം കുട്ടികളിലേയ്ക്ക് എത്തിക്കാനാവുകയുള്ളൂ. ഇതിനെതിരെ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍, ഡാര്‍ക്ക് നൈറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. കുട്ടികളെ അപകടത്തിലേക്ക് നയിക്കുന്ന ഗെയിം ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുന്ന കാര്യം സേവനദാതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രിസഭയെ അറിയിച്ചു.