തിരുവനന്തപുരം: പഴകിയ മത്സ്യങ്ങൾ വിപണിയിലെത്തിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കേടായ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കും. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്ത പരിശോധന ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് പഴകിയ മത്സ്യങ്ങൾ കേരളത്തിലേക്ക് കൂടുതലായി എത്തുന്നതെന്നും മന്ത്രി പറഞ്ഞു.
മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. അഞ്ച് പേരിൽ താഴെയുള്ള ചെറുവള്ളങ്ങൾക്ക് കാസർകോട് ജില്ലയിലൊഴികെ മത്സ്യബന്ധനത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇങ്ങനെ പിടിക്കുന്ന മത്സ്യങ്ങൾ ഹാർബർ മാനേജ്മെന്‍റ് സൊസൈറ്റി വില നിശ്ചയിച്ച് വില്‍പനക്കാർക്ക് നൽകും. എന്നാൽ തിരുവനന്തപുരം ജില്ലയിൽ സ്ഥാപിത താല്‍പര്യക്കാരായ ലോബികളുടെ ഇടപെടലിനെ തുടർന്ന് ചെറുവള്ളങ്ങൾ മത്സ്യബന്ധനം നടത്തുന്നില്ല. കേടില്ലാത്ത മത്സ്യം ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.