തിരുവനന്തപുരം: ലോക്‌ഡൗൺ മെയ് മൂന്നിലേക്ക് നീട്ടിയ സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങളെടുക്കാൻ സർക്കാർ നിർബന്ധിതരാണെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കടുത്ത തീരുമാനങ്ങൾക്ക് എല്ലാവരും വിധേയമാകേണ്ടി വരുമെന്നും ഭക്ഷ്യധാന്യങ്ങളും സാമ്പത്തിക സഹായവും ഈ ഘട്ടത്തിൽ അത്യന്താപേക്ഷിതമാണെന്നും ഈ രണ്ടു കാര്യങ്ങളിലും കേന്ദ്രം ഉദാര സമീപനം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതീകാത്മക നടപടികൾ ജനത്തിൻ്റെ വയറു നിറയ്ക്കില്ല. കേന്ദ്ര സർക്കാരിൻ്റെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകണം. സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും മേഴ്‌സിക്കുട്ടിയമ്മ ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്തിന് വരുമാനം ആവശ്യമുണ്ടെന്ന് കരുതി മദ്യവിൽപ്പനക്ക് ഇളവ് ഏർപ്പെടുത്താൻ കഴിയില്ല. പൊതു ധാരണയുടെ ഭാഗമായേ മദ്യവിൽപ്പനക്കുള്ള നിയന്ത്രണങ്ങൾ നീക്കാൻ കഴിയൂ. സാലറി ചലഞ്ചിനോട് ജീവനക്കാർ സഹകരിച്ചേ മതിയാകൂ. ഏപ്രിൽ മാസത്തെ ശമ്പളം നൽകാൻ സർക്കാരിൻ്റെ കയ്യിൽ പണമില്ല. വരുമാനമുള്ളവര്‍ സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.