തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയ്ക്കും ചികിത്സയ്‌ക്ക് ചെലവായ തുക (Chief Minister's Treatment Expense) പുറത്തുവന്നതിന് പിന്നാലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്‍റെ ആശുപത്രി ചെലവിന്‍റെ കണക്കും പുറത്ത് (Minister MB Rajesh's Treatment Cost). എം ബി രാജേഷിനും ഭാര്യ ഡോ. നിനിത കണിച്ചേരിക്കും (Ninitha Kanichery) നാല് ദിവസം സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ച ചെലവിലേക്ക് സർക്കാർ നൽകുന്നത് 2.45 ലക്ഷം രൂപയാണ്. എറണാകുളം ലിസി ആശുപത്രിയിലാണ് (Lissie Hospital, Ernakulam) ചികിത്സ നടന്നത്.
ഈ വർഷം ജനുവരി 11,12 ഫെബ്രുവരി 23, 24 തീയതികളിലാണ് മന്ത്രിയും ഭാര്യയും ഇവിടെ ചികിത്സ നടത്തിയത്. തുടർന്ന് ഇക്കഴിഞ്ഞ മാർച്ച് ഒന്നിനാണ് തങ്ങളുടെ ചികിത്സയ്ക്ക് ചെലവായ തുക ആവശ്യപ്പെട്ട് എം ബി രാജേഷ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. മന്ത്രിയുടെ അപേക്ഷയിന്മേൽ മെയ് 23നാണ് തുക അനുവദിച്ച് ഉത്തരവ് പുറത്തുവന്നത്. ചികിത്സയ്ക്കായി ചെലവായ 2,45833 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെയും ഭാര്യ കമലയുടെയും 2021 മുതലുള്ള ചികിത്സയ്‌ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ചും സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇരുവരുടെയും ചികിത്സയ്ക്കായി 75 ലക്ഷത്തിനടുത്ത് രൂപയാണ് പൊതു ഭരണ വകുപ്പില്‍ നിന്ന് നല്‍കിയത്. 74.99 ലക്ഷം രൂപയാണ് സർക്കാർ ഈയിനത്തിൽ അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ആണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്. ഭാര്യ കമലയെ എംഎൽഎ ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിലാണ് ചികിത്സിച്ചിരുന്നത്.