തിരുവനന്തപുരം: സ്വർണ കടത്ത് കേസിന്‍റെ അന്വേഷണം മുറുകുന്നതിനിടെ മന്ത്രി കെ.ടി.ജലീലിനെ എ.കെ.ജി സെന്‍ററിലേയ്ക്ക് വിളിച്ചു വരുത്തി. നാളെ നടക്കുന്ന സി പി എം സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായാണ് ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങൾ തേടി ജലീലിനെ വിളിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ജലീലിനോട് എ.കെ.ജി സെന്‍ററിലെത്താൻ ആവശ്യപ്പെട്ടത്. എൻഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റും എൻ.ഐ.എ യും ചോദ്യം ചെയ്തതിനു ശേഷം പരിപാടികൾ എല്ലാം റദ്ദാക്കി ഔദ്യോഗിക വസതിയിൽ തങ്ങിയ ജലീലാണ് ഇന്ന് അപ്രതീക്ഷിതമായി എ.കെ.ജി സെന്‍ററിലെത്തിയത്. ശനിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ അംഗങ്ങൾക്ക് ജലീൽ വിഷയത്തിൽ വിശദീകരണം നൽകുന്നതിന് വേണ്ടി കൂടിയാണ് മന്ത്രി ജലീലിനെ വിളിപ്പിച്ചത്.
മാധ്യമങ്ങൾക്ക് മുന്നിൽ പെടാതെ എകെജി സെന്‍ററിന്‍റെ ഏറ്റവും താഴെത്തെ നിലയിൽ ഔദ്യോഗിക കാറിലെത്തിയ ജലീൽ മാധ്യമങ്ങൾക്ക് മുഖം നൽകാതെ അതീവ രഹസ്യമായി മടങ്ങി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. കെ.ടി ജലീലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എ.കെ.ജി സെന്‍ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിൽ മന്ത്രി ജലീൽ ഔദ്യോഗിക വാഹനത്തിൽ തന്നെയാണ് പോകേണ്ടിയിരുന്നതെന്നും ഒളിച്ചു പോകേണ്ട കാര്യം ഇല്ലായിരുന്നുവെന്നും കാനം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് ജലീലിനെ ന്യായീകരിച്ച സിപിഎമ്മിന് കനത്ത ആഘാതമായ സാഹചര്യത്തിലാണ് കാനം രാജേന്ദ്രനുമായി കോടിയേരി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.