തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്‍റെ ബന്ധു കെടി അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനില്‍ നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. നിയമന യോഗ്യതയിൽ ഇളവ് നൽകാനുള്ള മന്ത്രിസഭ തീരുമാനത്തിൽ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നത്. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഈ ഫയലിൽ ഒപ്പിട്ടത്.
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജറെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ഈ അഭിമുഖത്തിൽ അദീബ് പങ്കെടുത്തിരുന്നില്ല. പിന്നീട് ഈ തസ്തികയിൽ പുതിയ യോഗ്യത നിശ്ചയിക്കുകയായിരുന്നു. നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീൽ പൊതുഭരണ സെക്രട്ടറിക്ക് നൽകിയ കത്ത് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയും ഫയൽ കണ്ടുവെന്ന് വ്യക്തമാക്കുന്ന രേഖകൾ വെളിപ്പെട്ടിരിക്കുന്നത്. തസ്തിക നിർണയം വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ധനകാര്യവകുപ്പിന്‍റെ അഭിപ്രായത്തോടുകൂടി മന്ത്രിസഭായോഗ തീരുമാനപ്രകാരമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. മന്ത്രിസഭായോഗ തീരുമാനം മുഖ്യമന്ത്രി ഒപ്പിടാതെ നടപ്പാവില്ല എന്നതാണ് നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നു എന്നതിന്‍റെ വ്യക്തമായ തെളിവ്.
ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ല. ന്യൂനപക്ഷ വികസന കോർപ്പറേഷനിലെ ജനറൽ മാനേജരായി ബന്ധുവായ കെടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമെന്നും മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ഉത്തരവിൽ പറയുന്നു. ന്യൂനപക്ഷ കോർപ്പറേഷനിലെ ജനറൽ മാനേജർ നിയമനത്തിനുള്ള യോഗ്യതയായ ബിടെക് ബിരുദത്തിന് പുറമെ പിജി ഡിബിഎ എന്ന യോഗ്യത കൂടി വേണം എന്ന വ്യവസ്ഥ മന്ത്രി ഏകപക്ഷീയമായി കൂട്ടിച്ചേർത്തത് ബന്ധുവിന് വേണ്ടിയാണെന്നാണ് കണ്ടെത്തല്‍.
ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധി വന്നെങ്കിലും ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും സര്‍ക്കാരും സ്വീകരിച്ചത്. ജലീൽ ഉടൻ രാജിവയ്‌ക്കേണ്ടതില്ലെന്നും നിയമപരമായ കാര്യമായതിനാൽ എല്ലാം നിയമവശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞത്. ലോകായുക്ത വിധി പ്രകാരം മന്ത്രിമാര്‍ രാജിവച്ച കീഴ്വഴക്കം സംസ്ഥാനത്തില്ലെന്ന് മന്ത്രി എകെ ബാലനും പ്രതികരിച്ചിരുന്നു.