തിരുവനന്തപുരം: മുറുകാത്ത കുരുക്ക് മുറുക്കി വെറുതെ സമയം കളയേണ്ടെന്ന് മന്ത്രി കെ.ടി ജലീൽ. കസ്റ്റംസ് ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരണവുമായി കെ.ടി ജലീൽ ഫേസ്ബുക്കിൽ. തന്‍റെ കഴുത്തിൽ കുരുക്കു മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
" class="align-text-top noRightClick twitterSection" data="
">
ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഒരു തെളിവും ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. ചോദ്യം ചെയ്യൽ വിവരം പരസ്യമാക്കിയ കസ്റ്റംസിനെയും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി വിമർശിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ടാണ് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയത്. എൻ.ഐ.എയും ഇഡിയും മൊഴിയെടുക്കാൻ വിളിച്ചതിന് രഹസ്യാത്മക സ്വഭാവമുള്ളതിനാലാണ് രഹസ്യമായി പോയതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.