തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 64 ലക്ഷത്തോളം പേർക്കാണ് 1600 രൂപ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായും മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.
നേരത്തെ കുടിശികയുണ്ടായിരുന്ന രണ്ട് മാസത്തെ ക്ഷേമ പെൻഷൻ തുക 3200 രൂപ കഴിഞ്ഞ ഏപ്രിലില്‍ നൽകിയിരുന്നു. രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകുന്നതിനായി അന്ന് 1871 കോടി രൂപയായിരുന്നു സർക്കാർ അനുവദിച്ചിരുന്നത്. അതേ സമയം സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെട്ടെങ്കിലും എല്ലാ മാസവും ക്ഷേമ പെൻഷൻ നൽകുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
ഇനി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാനുണ്ട്. മാത്രമല്ല സർക്കാർ ജീവനക്കാരുടെ കുടിശികയുള്ള ആനുകൂല്യങ്ങളും ഇതുവരെ നൽകിയിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കേന്ദ്ര സർക്കാർ കേരളത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടി കുറച്ചത്. 32,442 കോടി രൂപയുടെ വായ്‌പ എടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയെങ്കിലും പിന്നീടത് 15,390 കോടി രൂപയായി വെട്ടി കുറയ്ക്കുകയായിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്‍റിനത്തില്‍ 10,000 കോടി രൂപയുടെ കുറവ് വരുത്തിയതിന് പുറമേയാണ് വീണ്ടും കടമെടുപ്പ് പരിധി വെട്ടി കുറച്ചതെന്നും ധനവകുപ്പ് അധികൃതർ പറയുന്നു. അതേസമയം കടമെടുപ്പ് പരിധി കുറച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടി കുറച്ച് കൊണ്ടുള്ള കേന്ദ്രത്തിന്‍റെ നടപടിയിൽ മറ്റൊരു സംസ്ഥാനത്തിനോടും ഇല്ലാത്ത വിവേചനം കേരളത്തോട് കാണിക്കുന്നു എന്നായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചത്. ശമ്പളത്തെയും പെൻഷനെയും ബാധിക്കാതെ മുന്നോട്ട് കൊണ്ട് പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകും. ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. കൊവിഡ് സമയത്ത് അഞ്ച് ശതമാനം കടമെടുക്കൽ ശേഷിയുണ്ടായിരുന്നത് ഘട്ടം ഘട്ടമായി മൂന്ന് ശതമാനം ആക്കി കുറച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തെ അങ്ങേയറ്റം ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നടപടിയാണിത്. 15,390 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ 32,000 കോടി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ വലിയ തോതിൽ തടസപ്പെടുത്തുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം സാമ്പത്തിക പ്രതിസന്ധിയില്ലാതെ പിടിച്ച് നിന്നത് ആഭ്യന്തര, നികുതി വരുമാനം വർധിപ്പിച്ചായിരുന്നു. ഈ നടപടിയിലൂടെ കേരളത്തിലെ ജനങ്ങളാണ് ബുദ്ധിമുട്ടിലാകുന്നത്. നിലവിൽ റവന്യൂ ചെലവിന്‍റെ 70 ശതമാനത്തോളം സംസ്ഥാനം കണ്ടെത്തണമെന്ന സ്ഥിതിയാണ്. ഇത്തരത്തിൽ രാഷ്ട്രീയമായി ബുദ്ധിമുട്ടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നിയമപരമായ കാര്യങ്ങൾ പരിശോധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.