തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളം വീഴ്ചവരുത്തി എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷ് വർദ്ധൻ പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. ഇളവുകൾ ദുരുപയോഗം ചെയ്ത് ഓണക്കാലത്തുണ്ടായ ആൾക്കൂട്ടവും സമരങ്ങളും രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നുമാണ് കേന്ദ്രമന്ത്രി സൂചിപ്പിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയും പറഞ്ഞിട്ടുള്ളതാണ്. ഉത്തരേന്ത്യയിൽ ആഘോഷങ്ങളും ഉത്സവങ്ങളും വരാനിരിക്കെ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് ഡോ. ഹർഷ് വർദ്ധൻ ഉദ്ദേശിച്ചത്. അദ്ദേഹത്തിൻ്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചർച്ച ചെയ്യുകയാണ് ഉണ്ടായതെന്നും കെകെ ശൈലജ പറഞ്ഞു.
കേരളത്തിലെ പോസിറ്റീവ് കേസുകളുടെ എണ്ണം ഉയർത്തിപ്പിടിക്കുന്ന മാധ്യമങ്ങൾ മരണനിരക്കിലെ കുറവ് വാർത്തയാക്കാത്തതിനെയും കെകെ ശൈലജ വിമർശിച്ചു. രാഷ്ട്രീയ വൈരം മൂലമാണ് ചില മാധ്യമങ്ങൾ ഈ നിലപാട് സ്വീകരിക്കുന്നത്. രോഗമുക്തി നിരക്കും മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നില്ല. ഐസിഎംആറിൻ്റെ പുതിയ ഫോർമാറ്റിൽ നെഗറ്റീവ് കേസുകൾ ഉൾപ്പെടുത്തുന്നതിൽ വരുന്ന സാങ്കേതിക പിഴവ് രോഗമുക്തി നിരക്ക് കുറച്ചുകാണിക്കാൻ വഴിയൊരുക്കുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഐസിയു ബെഡുകളും വെൻറിലേറ്ററുകളും കുറവാണെന്ന വാദവും മന്ത്രി കെകെ ശൈലജ തള്ളി. സർക്കാർ മേഖലയിൽ ആകെയുള്ള 2141 ഐസിയു ബെഡുകളിൽ 445 എണ്ണം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. സ്വകാര്യ മേഖലയിൽ 3.88 ശതമാനം ഐസിയു ബെഡുകളും 4.3 ശതമാനം വെന്‍റിലേറ്ററുകളും മാത്രമേ ഇതുവരെ ഉപയോഗിക്കേണ്ടി വന്നുള്ളൂ. കൊവിഡ് ലോകത്ത് എവിടെ നിന്നും പിൻവാങ്ങിയിട്ടില്ല. ഫലപ്രദമായ വാക്സിൻ ഉണ്ടാകുന്നതുവരെ സ്വയം ലോക്ക് ഡൗൺ ഏർപ്പെടുത്തി ജനങ്ങൾ ജാഗ്രത തുടരണമെന്നും കെകെ ശൈലജ പറഞ്ഞു.