തിരുവനന്തപുരം: കൊല്ലം ആലപ്പാട് തീരത്ത് ഡിസംബറോടെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയാക്കാനാകുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. നിലവിൽ 70 ശതമാനം സംരക്ഷണഭിത്തി പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ആലപ്പാട് തീരത്ത് 30 വർഷം മുമ്പ് സ്ഥാപിച്ച കടൽഭിത്തി തകർന്നുവെന്നും കടൽക്ഷോഭത്തിൽ നിരന്തരമായി കര കടലെടുത്തിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആർ. രാമചന്ദൻ എംഎൽഎയാണ് ഉപക്ഷേപം ഉന്നയിച്ചത്.
മലപ്പുറം വള്ളിക്കുന്ന് അരയല്ലൂരിൽ കടൽ ഭിത്തി നിർമിക്കാൻ സാധിക്കാത്തത് ഇവിടം കടലാമകളുടെ പ്രജനന കേന്ദ്രമായതിനാലാണെന്ന് മന്ത്രി സഭയെ അറിയിച്ചു. ഇതിന് സമീപത്തെ ടിപ്പു സുൽത്താൻ റോഡ് പൂർണമായി കടലെടുത്തുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അബ്ദുൾ ഹമീദ് എംഎൽഎയാണ് ഉപക്ഷേപം ഉന്നയിച്ചത്.