തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ടത്തില്‍ രണ്ടാം ദിവസം വാക്‌സിന്‍ സ്വീകരിച്ച് മന്ത്രിമാർ. ആരോഗ്യമന്ത്രി കെകെ ശൈലജയും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ആണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് ഇരുവരും കുത്തിവയ്‌പ്പെടുത്തത്.
സംസ്ഥാനത്ത് വാക്‌സിനേഷനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ 88 ശതമാനം പേർക്കും കൊവിഡ് ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വാക്‌സിനേഷന്‍ കേരളത്തിന് മികച്ച ഗുണമാണ് നൽകുക. വാക്‌സിന്‍ എടുത്ത ആർക്കും തന്നെ ഇതുവരെ പാർശ്വഫലങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വാക്‌സിന്‍ എടുക്കുന്നതിലൂടെ പ്രതിരോധ പ്രവർത്തനത്തിൽ സംസ്ഥാനത്തിന് ഏറെ മുന്നിലേക്ക് പോകാൻ കഴിയുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പ്രതികരിച്ചു.