തിരുവനന്തപുരം: സപ്ലൈകോയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള വില വർധനയുണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. 2016ൽ നിശ്ചയിച്ച വിലയ്ക്കാണ് 13 സബ്‌സിഡി സാധനങ്ങൾ വിൽക്കുന്നത്. പ്രായോഗികാവസ്ഥയാണ് സപ്ലൈകോ അറിയിച്ചതെന്നും എൽഡിഎഫ് അക്കാര്യം ശരിയായ ആവശ്യമെന്ന് മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എത്ര ശതമാനം വില വർധനയെന്നത് തീരുമാനിച്ചിട്ടില്ല. സപ്ലൈകോയ്ക്ക് കിട്ടാനുള്ള തുകയും ഇതുമായി താരതമ്യപ്പെടുത്തേണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അമിതഭാരം വരില്ല: മാർക്കറ്റിൽ വില കൂട്ടുന്നത് പോലെ അല്ല ഇത്. സ്വാഭാവിക പരിഷ്‌കരണമാണ്. 2016 നെ അപേക്ഷിച്ച് അവശ്യസാധനങ്ങളുടെ വിലയിൽ മൂന്നിരട്ടിയിലധികം വർധനയാണ്. എത്ര വില വർധിപ്പിക്കണം എന്നൊന്നും തീരുമാനിച്ചിട്ടില്ല. എൽഡിഎഫ് സപ്ലൈക്കോ ആവശ്യം അംഗീകരിച്ചതാണെന്നും 2016ലെ സർക്കാരിന്‍റെ വാഗ്‌ദാനമായിരുന്നു സ്ഥിര വിലയെന്നും ജനങ്ങളുടെ തലയിൽ അമിതഭാരം വരില്ലെന്നും മന്ത്രി പറഞ്ഞു.
ഇത് 2021ല്‍ അധികാരത്തിൽ വന്ന സർക്കാരാണ്. അത് എങ്ങനെ നടപ്പാക്കണമെന്ന് സർക്കാർ ആലോചിക്കും. മാർക്കറ്റ് വിലയെക്കാൾ വലിയ തോതിൽ വില കുറച്ച് തന്നെയായിരിക്കും വില്‍പന. സപ്ലൈകോയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ട്. വില കൂട്ടുന്ന കാര്യം ആലോചിച്ചു അറിയിക്കും. ജനങ്ങൾക്ക് പ്രയാസമില്ലാതെയാവും വില വർധനവ് നടപ്പിലാക്കുകയെന്നും വിലവർധനവ് എപ്പോൾ നടപ്പിലാക്കുമെന്ന് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
സർക്കാറിന്‍റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് സപ്ലൈക്കോയ്‌ക്ക് സർക്കാർ പണം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് സപ്ലൈകോ പലതവണ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം വെള്ളിയാഴ്‌ച (10.11.2023) ചേര്‍ന്ന ഇടത് മുന്നണി യോഗമാണ് വില വര്‍ധന സംബന്ധിച്ച ഉചിതമായ തീരുമാനമെടുക്കാന്‍ ഭക്ഷ്യമന്ത്രിക്ക് അനുമതി നല്‍കിയത്. ഇതോടെ അടുത്തയാഴ്‌ച മുതല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാനുള്ള സാധ്യതയേറി. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അവശ്യസാധന വില ഉയരുമ്പോള്‍ പൊതുവിപണിയിലും സാധനങ്ങളുടെ വില ഉയരുമെന്നതാണ് ആശങ്ക.
എല്ലാത്തിനും വില കൂടുമോ: സര്‍ക്കാരില്‍ നിന്ന് വിവിധ സബ്‌സിഡി തുകയായി ഏകദേശം 1100 കോടി രൂപയോളം സപ്ലൈക്കോയ്‌ക്ക് ലഭിക്കാനുണ്ട്. ഈ തുക പല തവണയായി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായത് കാരണം തുക അനുവദിക്കാന്‍ ധനവകുപ്പ് തയ്യാറായിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ മിക്കതും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമല്ല.
ഇതെല്ലാം കണക്കിലെടുത്ത് സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിക്കാന്‍ അനുവദിക്കണമെന്ന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഏഴ് വര്‍ഷമായി വര്‍ധനയില്ലാതെ തുടരുന്ന വിലയാണ് നിലവില്‍ വര്‍ധിക്കാന്‍ കളമൊരുങ്ങിയത്.