തിരുവനന്തപുരം : ഉപ്പുതൊട്ട് കർപ്പൂരം വരെ സംസ്ഥാനത്ത് എല്ലാത്തിനും വൻ വിലയെന്ന പ്രതിപക്ഷ ആരോപണം തള്ളി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. അനാവശ്യമായ ആരോപണമാണിത്. പൊതുവിപണിയിലെ വിലയേക്കാൾ കുറച്ചാണ് സപ്ലൈകോയിൽ അവശ്യ സാധനങ്ങൾ വിൽക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
'13 ഉത്‌പന്നങ്ങൾക്ക് 2016 ലെ വില'
സംസ്ഥാനത്ത് പൊതുവിപണിയിൽ അവശ്യസാധനങ്ങൾക്കുള്ള വില വർധനവിൽ ഇടപെടുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളുടെ നിത്യജീവിതം ദുരിതത്തിലാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയ റോജി എം ജോൺ ആരോപിച്ചു.
പൊതുവിപണിയിൽ വില നിയന്ത്രിക്കുന്നതിന് ഇടപെടാൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, പ്രതിപക്ഷ ആരോപണങ്ങളെ ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ തള്ളി. വിലക്കയറ്റം തടഞ്ഞുനിർത്തുന്നതിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. പൊതുവിപണിയിലെ വിലയേക്കാൾ കുറവാണ് സപ്ലൈകോയിൽ അവശ്യ സാധനങ്ങൾക്ക്. 13 ഉത്‌പന്നങ്ങൾക്ക് 2016 ലെ അതേ വിലയാണ്. പെട്രോൾ, ഡീസൽ വില വർധനവും കർഷക സമരം മൂലം ഉത്പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.
അടിയന്തര പ്രമേയ നോട്ടിസ് തള്ളി
കേന്ദ്ര സർക്കാരിന്‍റെ വികലമായ നയങ്ങളെ കോൺഗ്രസ് വിമർശിക്കുന്നില്ല. രാഷ്ട്രീയ കവലപ്രസംഗം നടത്തുന്നതിന് വേണ്ടിയാണ് പ്രതിപക്ഷം ഇത്തരമൊരു ആരോപണവുമായി സഭയിലെത്തിയതെന്നും മന്ത്രി ആരോപിച്ചു. സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ സർക്കാരിനെ വിമർശിക്കാൻ മാത്രമല്ല ജാഗരൂകരാക്കാൻ കൂടിയാണ് ഇത്തരം ഒരു വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
സപ്ലൈകോയിൽ വിലക്കുറവുണ്ട്. എന്നാൽ പൊതുവിപണിയിലെ സ്ഥിതി അതല്ല. പൊതുവിപണിയിൽ നിയന്ത്രണം കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടിട്ടുണ്ട്. എല്ലാവരും സപ്ലൈകോയില്‍ നിന്നാണ് സാധനം വാങ്ങുന്നതെങ്കിൽ ലുലുമാൾ വരെ പൂട്ടി പോകണം. ജനങ്ങൾ ആത്മഹത്യയുടെ വക്കിലാണ്. സർക്കാർ ഇതുമനസിലാക്കി പ്രവർത്തിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മന്ത്രിയുടെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ സ്‌പീക്കർ അടിയന്തര പ്രമേയ നോട്ടിസ് തള്ളി.