തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും റേഷൻ കടകൾക്ക് അവധി. ഓതന്‍റിക്കേഷന്‍ യൂസര്‍ ഏജന്‍സി (AUA), ഓതന്‍റിക്കേഷന്‍ സര്‍വീസ് ഏജന്‍സി (ASA), ആധാര്‍ (UIDAI) എന്നീ സെർവറുകളിലെ തകരാർ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് റേഷൻകടകൾക്ക് അവധി പ്രഖ്യാപിച്ചത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്‍റെ ഓഫീസ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സെർവറുകളിലെ പ്രശ്‌നം പരിഹരിക്കുന്നതിന് നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ ക്ലൗഡ് സ്‌റ്റോറേജിലേയ്ക്ക് മാറ്റേണ്ടതുണ്ട്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്‍ററിന്‍റെ (NIC) നിർദേശപ്രകാരം ഡാറ്റാ മൈഗ്രേഷന് രണ്ട് ദിവസത്തെ സമയം ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് 27, 28 തീയതികളിൽ സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
റേഷന്‍ വിതരണം മെയ് അഞ്ചിന്: രണ്ട് ദിവസം അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് അഞ്ച് വരെ നീട്ടിയതായും അറിയിച്ചു. സെർവർ തകരാറിന്‍റെ പശ്ചാത്തലത്തിൽ റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രി ജി ആര്‍ അനിലിന്‍റെ അദ്ധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ഏജന്‍സികളുടെയും യോഗം ഇന്ന് ചേർന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനം.
ഇക്കാര്യം റേഷന്‍ വ്യാപാരി സംഘടന പ്രതിനിധികളെയും മന്ത്രി അറിയിച്ചു. സാങ്കേതിക തകരാറുകള്‍ പൂര്‍ണമായും പരിഹരിച്ച ശേഷം റേഷന്‍ കടകള്‍ തുറന്നതാണ് ഉചിതമെന്ന നിലപാടിലാണ് റേഷന്‍ വ്യാപാരികള്‍. എപ്രില്‍ 29, മെയ് രണ്ട്, മൂന്ന് തീയതികളില്‍ ഏഴ് ജില്ലകളില്‍ രാവിലെ റേഷൻ കടകൾ പ്രവർത്തിക്കും.
മറ്റ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. മെയ് നാല് മുതല്‍ സാധാരണ സമയക്രമത്തിലാകും റേഷന്‍ കടകള്‍ പ്രവർത്തിക്കുക. മെയ് ആറ് മുതലാണ് മെയ് മാസത്തെ റേഷന്‍ വിതരണവും ആരംഭിക്കുക.
റേഷന്‍ വിതരണം ഈ ദിവസങ്ങളില്‍: മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ എപ്രില്‍ 29, മെയ് രണ്ട്, മൂന്ന് തീയതികളില്‍ രാവിലെ 8.00 മുതല്‍ 1.00 മണിവരെയും, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ എപ്രില്‍ 29, മെയ് രണ്ട്, മൂന്ന് തീയതികളില്‍ ഉച്ചക്ക് ശേഷം 2.00 മുതല്‍ 7.00 മണിവരെയും പ്രവര്‍ത്തിക്കുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, തുടര്‍ച്ചായായ ദിവസങ്ങളില്‍ റേഷന്‍ ലഭ്യമാകാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടായതോടെ പല മേഖലകളിലും കാര്‍ഡ് ഉടമകളും വ്യാപാരികളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇടുക്കിയിലെ തോട്ടം, കാര്‍ഷിക മേഖലകളിലെ സാധാരണക്കാരാണ് റേഷന്‍ വിതരണം തുടര്‍ച്ചയായി മുടങ്ങിയതോടെ കൂടുല്‍ ബുദ്ധിമുട്ടിലായത്. നിലവില്‍ ഈ മാസം ജില്ലയില്‍ 40 ശതമാനത്തോളം മാത്രം റേഷന്‍ വിതരണമാണ് നടന്നിട്ടുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു.
റേഷന്‍ വിതരണം മുടങ്ങുന്നത് പതിവായ സാഹചര്യത്തില്‍ ഉടുമ്പന്‍ചോല താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ ഇ പോസ് മെഷീനുകള്‍ നെടുങ്കണ്ടം സപ്ലൈ ഓഫീസില്‍ തിരികെ ഏല്‍പിച്ച് പ്രതിഷേധിച്ചു. കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപിച്ചത്. മെച്ചപ്പെട്ട സെര്‍വര്‍, ഇന്‍റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി റേഷന്‍ വിതരണം സുഗമമാക്കാന്‍ ഇടപെടല്‍ ഉണ്ടാവണമെന്നാണ് വ്യാപാരികളുടെ ആവശ്യം.