തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കാതെ വരുമ്പോഴാണ് അപകടം ഉണ്ടാകുന്നതെന്നും അതിനാല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു. മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് അറിയിച്ചതിനു ശേഷം കടലില്‍ പോകാൻ സാധിക്കാത്തവര്‍ക്ക് നഷ്‌ടപരിഹാരത്തുക നൽകിയ ആദ്യ സർക്കാരാണ് കേരള സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. വനമഹോത്സവ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കടലില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് ശമ്പളം നല്‍കണമെന്ന് ആദ്യമായി തീരുമാനമെടുത്തത് രണ്ടാം പിണറായി സര്‍ക്കാരാണ്. ഇത്തവണയും എത്ര ദിവസമാണോ മത്സ്യബന്ധനത്തിന് പോകാതിരുന്നത് ആ ദിവസത്തെ നഷ്‌ടപരിഹാരത്തുക കൊടുക്കുന്ന പ്രക്രിയ തുടരും. മുന്നറിയിപ്പ് നൽകി കഴിഞ്ഞാൽ ആ ഒരു ദിവസം മത്സ്യ തൊഴിലാളിക്ക് നഷ്‌ടമാകുന്ന വേദനം ഇന്ത്യയിൽ ആദ്യം കൊടുത്തത് ഈ സർക്കാരാണെന്ന് മന്ത്രി പറഞ്ഞു.
നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ അപകടം: സർക്കാർ ഒരു മുന്നറിയിപ്പ് നൽകിയാൽ അത് പാലിക്കേണ്ടത് ആവശ്യകതയാണ്. ഇത് പാലിക്കാതിരുന്നാൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളാണ് അപകടങ്ങളായി തീരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ അതാത് സമയങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളും കൃത്യമായി അനുസരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കെഎസ്ആർടിസിയിൽ പെൻഷന്‍റെ കാര്യത്തിൽ മുടക്ക് വന്നിട്ടില്ലെന്നും പെൻഷൻ കൃത്യമായി നൽകാൻ ധനകാര്യവകുപ്പിൽ നിന്നും പണം അനുവദിക്കുന്നതിന് സാങ്കേതിക തടസമുണ്ടെന്നും മന്ത്രി അറിയിച്ചു. ശമ്പളത്തിന്‍റെ കാര്യത്തിൽ തന്നെ ധനകാര്യ വകുപ്പിൽ നിന്നും ഈ മാസം 50 കോടി രൂപയും കഴിഞ്ഞമാസം 60 കോടി രൂപയും അങ്ങനെ മൊത്തത്തിൽ 110 കോടി രൂപയാണ് കിട്ടാനുള്ളത്. ഇത് ലഭിക്കാനായി ധനകാര്യവകുപ്പിന് കത്ത് കൊടുത്തിട്ടുണ്ട്.
അത് ലഭിച്ചാൽ ഉടൻ തന്നെ ശമ്പളവും പെൻഷനും നൽകാനാകും. ഓണത്തിന് ബോണസ് നൽകുന്ന കാര്യത്തിൽ ഗവൺമെന്‍റ് പൊതുവായ ഒരു തീരുമാനമെടുക്കേണ്ടതായിട്ടുണ്ട്. ഓണത്തിന് സർക്കാർ ഈ തീരുമാനമെടുക്കുമെന്നും ആന്‍റണി രാജു അറിയിച്ചു.
റോഡുകളുടെ വേഗപരിധി: അതേസമയം, സംസ്ഥാനത്തെ റോഡുകളില്‍ പുതുക്കിയ വേഗപരിധി മുന്നറിയിപ്പ് ബോര്‍ഡുകള്‍ ജൂലൈ 31 നകം മാറ്റി സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. പുതുക്കിയ വേഗപരിധി യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ബോര്‍ഡുകള്‍ മാറ്റി സ്ഥാപിക്കും,. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത്. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ റോഡുകളിലെ നോ പാർക്കിങ് സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. വിവിധ തരം വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി യാത്രക്കാർക്ക് വ്യക്തമായി മനസിലാകുന്ന തരത്തിൽ പ്രത്യേകം ബോർഡുകൾ സ്ഥാപിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതലാണ് സംസ്ഥാനത്ത് പുതുക്കിയ വേഗപരിധി പ്രാബല്യത്തിൽ വന്നത്.