തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിൽ പുതുക്കിയ വേഗപരിധി മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31നകം മാറ്റി സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. പുതുക്കിയ വേഗപരിധി യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ബോർഡുകൾ മാറ്റി സ്ഥാപിക്കും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ ഉൾപ്പടെയുളള ഉദ്യോഗസ്ഥർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
പുതുക്കിയ വേഗപരിധി പ്രാബല്യത്തിൽ : ഇതോടൊപ്പം സംസ്ഥാനത്തെ റോഡുകളിലെ നോ പാർക്കിംഗ് സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിവിധ തരം വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി യാത്രക്കാർക്ക് വ്യക്തമായി മനസിലാകുന്ന തരത്തിൽ പ്രത്യേകം ബോർഡുകൾ സ്ഥാപിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതലാണ് സംസ്ഥാനത്ത് പുതുക്കിയ വേഗപരിധി പ്രാബല്യത്തിൽ വന്നത്.
പുതുക്കിയ വേഗപരിധി അനുസരിച്ച് ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്ന് 60 ആയി നിജപ്പെടുത്തിയിരുന്നു. എ ഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ക്യാമറകൾ പ്രവർത്തനസജ്ജമായ സാഹചര്യത്തിൽ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി, ദേശീയ വിജ്ഞാപനത്തിന് അനുസരിച്ച് പുനർ നിശ്ചയിക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്. സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളായതിനാലാണ് പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്ന് 60 ആയി കുറച്ചത്. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂൾ ബസുകളുടെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായി തന്നെ തുടരും.
പുതുക്കിയ വേഗപരിധി : ഒൻപത് സീറ്റ് വരെ കപ്പാസിറ്റിയുള്ള വാഹനങ്ങൾക്ക് നേരത്തെ 90 കിമീ അണ് അനുവദിച്ച വേഗപരിധിയെങ്കിൽ ഇപ്പോൾ ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്ററും നാല് വരി ദേശീയ പാതയിൽ 100 കിലോമീറ്ററുമാണ് പുതുക്കിയ വേഗപരിധി. മറ്റ് ദേശീയപാതകള്‍, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിൽ നേരത്തെ ഇത് 85 കിലോമീറ്റർ ആയിരുന്നെങ്കിൽ ഇപ്പോൾ 90 കിലോമീറ്റർ ആണ്. മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ല റോഡുകളിലും 80 കിലോമീറ്റർ ആണ്. നേരത്തെയും ഇത് 80 കിലോമീറ്റർ ആയിരുന്നു. ഇതിന് പുറമെയുള്ള റോഡുകളിൽ 70 കിലോമീറ്റർ ആണ്. നഗര റോഡുകളില്‍ നേരത്തേയും ഇപ്പോഴും 50 കിലോമീറ്റർ ആണ് വേഗപരിധി.
ഒൻപത് സീറ്റിൽ കൂടുതലുള്ള ലൈറ്റ്, മീഡിയം ഹെവി മോട്ടോർ യാത്രാവാഹനങ്ങൾക്ക് നേരത്തെ 70 കിമീ ആണ് അനുവദിച്ച വേഗപരിധിയെങ്കിൽ ഇപ്പോൾ പരമാവധി വേഗപരിധി ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്ററും നാല് വരി ദേശീയ പാതയിൽ 90 കിലോമീറ്ററും ആണ്. മറ്റ് ദേശീയപാതകൾ, എംസി റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിൽ 85 കിലോമീറ്റർ ആണ് പരമാവധി വേഗപരിധി. നേരത്തെ ഇത് 65 കിലോമീറ്റർ ആയിരുന്നു. മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ല റോഡുകളിലും 80 കിലോമീറ്റർ ആണ്. നേരത്തെ ഇത് 65 കിലോമീറ്റർ ആയിരുന്നു. മറ്റ് റോഡുകളിൽ 70 കിലോമീറ്റർ ആണ്. നേരത്തെ ഇത് 60 കിലോമീറ്റർ ആയിരുന്നു. നഗര റോഡുകളില്‍ 50 കിലോമീറ്റർ ആണ്. നേരത്തെയും ഇത് 50 കിലോമീറ്റർ ആയിരുന്നു.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് ആറ് വരി, നാല് വരി ദേശീയപാതകളിൽ 80 കിലോമീറ്റർ ആണ് ഇനി മുതൽ പരമാവധി വേഗം. നേരത്തെ ഇത് 70 കിലോമീറ്റർ ആയിരുന്നു. മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70 കിലോമീറ്റർ ആണ് പരമാവധി വേഗപരിധി. നേരത്തെ ഇത് 65 കിലോമീറ്റർ ആയിരുന്നു. മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ല റോഡുകളിലും 65 കിലോമീറ്റർ ആണ്. നേരത്തെ ഇത് 60 കിലോമീറ്റർ ആയിരുന്നു. മറ്റ് റോഡുകളിൽ 60 കിലോമീറ്റർ ആണ്. നേരത്തെയും ഇത് 60 കിലോമീറ്റർ ആയിരുന്നു. നഗര റോഡുകളില്‍ നേരത്തെയും ഇപ്പോഴും 50 കിലോമീറ്റർ ആണ് വേഗപരിധി. 2014ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.