തിരുവനന്തപുരം : കൃത്യനിര്‍വഹണത്തിനിടെ ദാരുണാന്ത്യത്തിനിരയായ ഫയര്‍മാന്‍ ജെഎസ് രഞ്‌ജിത്തിന് നിറകണ്ണുകളോടെ സഹപ്രവർത്തകരുടെ അവസാന സല്യൂട്ട്. ഫയർ ഫോഴ്‌സ് ആസ്ഥാനത്തെ രണ്ടുമണിക്കൂര്‍ പൊതുദർശനത്തിൽ മന്ത്രി ആന്‍റണി രാജു ഉള്‍പ്പടെ നൂറുകണക്കിനാളുകളാണ് എത്തിയത്. രഞ്ജിത്തിന്‍റെ സുഹൃത്തുക്കളും മരണം അറിഞ്ഞെത്തിയ മറ്റ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രഞ്ജിത്തിന് യാത്രയൊരുക്കിയത്.
മന്ത്രി ആന്‍റണി രാജുവിന് പുറമെ ഫയർ ഫോഴ്‌സ് മേധാവി ബി സന്ധ്യ, എംഎൽഎമാരായ വി ജോയ്, വികെ പ്രശാന്ത്, മുൻ മന്ത്രി വിഎസ് ശിവകുമാർ, പാലോട് രവി തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാൻ ഫയർ ഫോഴ്‌സ് ആസ്ഥാനത്തെത്തി. സല്യൂട്ട് നൽകിയാണ് ഫയർ ഫോഴ്‌സ് മേധാവി ബി സന്ധ്യ ഐപിഎസ് രഞ്‌ജിത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. ഫയർ ഫോഴ്‌സ് ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച മൃതദേഹം പിന്നീട് കൊണ്ടുപോയത് ചാക്കയിലെ ഫയർ ഫോഴ്‌സ് കെട്ടിടത്തിലേക്ക്. കഴിഞ്ഞ ദിവസം വരെയും സഹപ്രവർത്തകര്‍ക്കൊപ്പം രഞ്‌ജിത്ത് കഴിഞ്ഞ ഇടമാണിത്.
ദുരന്തമുഖങ്ങളിൽ എന്നും ആവേശത്തോടെയും ആത്മാർഥതയോടെയും തങ്ങൾക്കൊപ്പം ഡ്യൂട്ടിയിൽ എത്തിയിരുന്ന രഞ്ജിത്തിന് പൂക്കളും റീത്തും അർപ്പിച്ച് സഹപ്രവർത്തകർ അന്ത്യയാത്ര നൽകി. ചാക്ക ഫയർ ഫോഴ്‌സ് യൂണിറ്റിലെ പൊതുദർശന ശേഷം ആറ്റിങ്ങലിലെ വീട്ടിലേക്ക്. മരണത്തിന് ശേഷം രഞ്‌ജിത്തിന്‍റെ കണ്ണുകള്‍ മറ്റുള്ളവര്‍ക്ക് കാഴ്‌ചയേകും. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ്, കിൻഫ്ര പാർക്കിലെ ഗോഡൗണിൽ തീപിടിത്തം ഉണ്ടായതായി ഫയർ ഫോഴ്‌സിന്‍റെ ചാക്ക യൂണിറ്റിൽ വിവരം ലഭിച്ചത്.
ALSO READ | തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം; തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍മാന് ദാരുണാന്ത്യം
സ്ഫോടനത്തിന് ശേഷമുണ്ടായ തീപിടിത്തമായതിനാൽ നിയന്ത്രണ വിധേയമാക്കാനായി കെട്ടിടത്തിനുള്ളിൽ കയറി അണയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. കെട്ടിടത്തിനുള്ളിലെ മുറിയിൽ തീ ആളിപ്പടരുന്നത് കണ്ട് കതക് തള്ളിത്തുറന്ന് അകത്തുകയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം. തീപിടിത്തത്തിൽ ദുർബലമായ കോൺക്രീറ്റ് സ്ലാബ് രഞ്‌ജിത്തിന്‍റെ ദേഹത്തേക്ക് പൊളിഞ്ഞുവീഴുകയായിരുന്നു.
പൊലീസ് ജോലി വേണ്ടെന്നുവച്ച് ഫയര്‍ ഫോഴ്‌സില്‍ : ഏകദേശം ഏഴ് വർഷം മുൻപാണ് രഞ്ജിത്ത് തന്‍റെ ഫയർ ഫോഴ്‌സിലെ സേവനം ആരംഭിക്കുന്നത്. കൃത്യനിർവഹണങ്ങളിലെ മികവിന് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റില്‍ തീപിടിത്തം ഉണ്ടായപ്പോഴും രഞ്ജിത്ത് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിൽ ദൗത്യസംഘത്തോടൊപ്പം എത്തിയിരുന്നു. ഫയർ ഫോഴ്‌സിന്‍റെ ചാക്ക യൂണിറ്റിലേക്ക് ഒരു വർഷം മുൻപാണ് രഞ്ജിത്ത് എത്തിയത്.
മുൻപ് മാവേലിക്കര യൂണിറ്റിലായിരുന്നു. പൊലീസില്‍ ജോലി നേടിയെങ്കിലും രഞ്ജിത്ത് ഫയർഫോഴ്‌സിലെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. മെഡിക്കല്‍ കോര്‍പറേഷന്‍ സര്‍വീസസ് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. തീ അണയ്‌ക്കാനുള്ള സജ്‌ജീകരണങ്ങളോ അഗ്നിശമനയുടെ എൻഒസിയോ കെട്ടിടത്തിന് ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ ഐപിഎസ് മാധ്യങ്ങളോട് പറഞ്ഞു. എന്നാൽ ഇത് ആരുടെ വീഴ്‌ചയാണെന്ന് അറിയില്ല. ഫോറൻസിക് റിപ്പോർട്ട് അടക്കം ലഭിച്ചാൽ മാത്രമേ കിൻഫ്രയിൽ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം ആരംഭിക്കാനാകൂവെന്നും അവര്‍ പറഞ്ഞു.