തിരുവനന്തപുരം : അരിക്കൊമ്പനെ പിടികൂടുന്നത് വൈകാന്‍ പാടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. പ്രശ്‌നങ്ങള്‍ നീളാന്‍ പാടില്ല. ദൗത്യം ഇനിയും നീണ്ടുപോകാന്‍ പാടില്ല. ഇനി ആശങ്കകള്‍ക്ക് വകയില്ല. കൊമ്പനെ പിടികൂടാനായുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആളുകളുടെ വലിയ ഒഴുക്ക് ഈ ഭാഗത്തേക്ക് ഉണ്ടാകുന്നുണ്ട്. ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ ഒഴുക്ക് സ്വയം അവര്‍ തന്നെ നിയന്ത്രിക്കണം. ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് തന്നെക്കാള്‍ ഈ വിഷയത്തില്‍ വിവരങ്ങളുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു വരുന്നതെയുള്ളു. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് തന്നെ ഫലപ്രാപ്‌തിയില്‍ എത്തിക്കുമെന്നും വനം മന്ത്രി കൂട്ടിച്ചേർത്തു.
കാലാവസ്ഥയും ഇതിന് അനുയോജ്യമാണ്. അരിക്കൊമ്പന്‍ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്‌നം. പിടികൂടിയതിന് ശേഷം അരിക്കൊമ്പനെ എങ്ങോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍, രാജക്കാട്, പന്നിയാര്‍ എസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലെത്തി ആക്രമണം പതിവാക്കിയ അരിക്കൊമ്പനെ പിടികൂടാന്‍ കഴിഞ്ഞ മാസം അവസാനമാണ് ഹൈക്കോടതി വിദഗ്‌ധ സമിതി രൂപീകരിച്ചത്. ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടി ഉള്‍വനത്തിലേക്ക് കയറ്റി വിടുകയോ കൂട്ടില്‍ അടയ്ക്കുകയോ ചെയ്യുന്നതിന് പകരം വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന ഹൈക്കോടതിയുടെ തീരുമാനത്തിന് പിന്നാലെയാണ് വിദഗ്‌ധ സമിതിയുടെ രുപീകരണം. വിഷയത്തില്‍ വിശദമായ പഠനം നടത്തി കോടതിയില്‍ പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ആശങ്കയിലാഴ്‌ത്തിയ ഹൈക്കോടതി വിധി: അരിക്കൊമ്പന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ അരങ്ങേറുന്നതിനിടെയുണ്ടായ ഹൈക്കോടതി വിധി ഇടുക്കി നിവാസികളെ ഏറെ ആശങ്കയിലാക്കിയെങ്കിലും ഇപ്പോര്‍ പുറത്തുവന്ന വാര്‍ത്ത ഏറെ ആശ്വാസകരമാണ്. റേഡിയോ കോളര്‍ ഘടിപ്പിച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് അയച്ചാല്‍ എന്താണെന്ന് ചോദ്യവും ഹൈക്കോടതി ഉന്നയിച്ചിരുന്നു. വന്യമൃഗങ്ങളുടെ വാസസ്ഥലത്ത് സെറ്റില്‍മെന്‍റ് കോളനികള്‍ സ്ഥാപിച്ചതാണ് പ്രശ്‌നമായതെന്നും മൃഗങ്ങളുടെ ആവാസ വ്യവസ്ഥയില്‍ വീടുകള്‍ നിര്‍മിച്ചത് മൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസമാകുന്നതാണ് ഇത്തരം അവസ്ഥകള്‍ക്ക് കാരണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ദൗത്യത്തിന് ഒരുങ്ങി കുങ്കിയാനകൾ: അരിക്കൊമ്പനെ പിടികൂടാന്‍ നേരത്തെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നെങ്കിലും ഹൈക്കോടതി വിധിയെ തുടര്‍ന്ന് വൈകുകയായിരുന്നു. ദൗത്യം നടപ്പിലാക്കാന്‍ വയനാട്ടിലെ മുത്തങ്ങയില്‍ നിന്നടക്കം നാല് കുങ്കിയാനകളെയാണ് സ്ഥലത്ത് എത്തിച്ചത്. വടക്കനാട് കൊമ്പന്‍ എന്നറിയപ്പെടുന്ന വിക്രം എന്ന കുങ്കിയാനയാണ് ആദ്യം ചിന്നക്കനാലിലേക്ക് എത്തിയത്. പിന്നാലെ, സുരേന്ദ്രനും സൂര്യനും കുഞ്ചുവുമെല്ലാം എത്തി. അരിക്കൊമ്പനെ പിടികൂടി മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം വനംവകുപ്പ് മോക്ഡ്രില്‍ നടത്തിയിരുന്നു.
ആനയെ പിടികൂടി എങ്ങോട്ട് മാറ്റുമെന്ന കാര്യം വനംവകുപ്പ് പുറത്ത് വിട്ടിട്ടില്ല. ആനയെ എത്തിക്കാന്‍ പരിഗണിക്കുന്ന പെരിയാര്‍ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പരിശോധന ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Also Read : അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം; കാലാവസ്ഥ അനുകൂലം, ഉടൻ മയക്കുവെടി വച്ചേക്കും