തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തി വയ്ക്കുന്നത് കേരളത്തിന് വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍. പദ്ധതി നിര്‍ത്തുന്നത് കേരളത്തിന്‍റെ നിക്ഷേപ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കും. എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കി തീര ദേശത്തെ യുവാക്കളുടെ ജീവിതം മെച്ചപ്പെടുത്തേണ്ടതുണ്ട്.
പദ്ധതിയുടെ പേരില്‍ മത്സ്യ തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ല. പദ്ധതി ദോഷകരമായി ബാധിക്കുന്ന വിഴിഞ്ഞം, മുല്ലൂര്‍, കോട്ടപ്പുറം മേഖലകളില്‍ മത്സ്യ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ 58 കോടി രൂപ ചെലവുവരുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തുറമുഖ നിര്‍മാണം മൂലം മത്സ്യബന്ധന ബോട്ടുകള്‍ തിരയില്‍പ്പെടുന്നതായ പരാതി പരിഹരിക്കാന്‍ മത്സ്യ ബന്ധന ബോട്ടുകളെ അദാനി കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ട് പ്രകാരം ഇന്‍ഷ്വര്‍ ചെയ്തിട്ടുമുണ്ട്.
also read:വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്‌ക്കണം; ലത്തീൻ അതിരൂപതയുടെ ഇടയലേഖനം
തുറമുഖത്ത് മണ്ണ് അടിഞ്ഞുകൂടി മത്സ്യബന്ധനം തടസപ്പെടുന്നുവെന്ന പരാതി പരിഹരിക്കാന്‍ അദാനി കമ്പനി തന്നെ ഡ്രഡ്‌ജിംഗ് നടത്തുന്നുണ്ട്. തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ ഉണ്ടാകുന്ന തൊഴിലുകള്‍ തദ്ദേശവാസികള്‍ക്ക് നല്‍കാമെന്ന് തുറമുഖ കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ തൊഴിലുകള്‍ക്കാവശ്യമായ പരിശീലന കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. തുറമുഖ നിര്‍മാണം മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും അഹമ്മദ് ദേവര്‍ കോവില്‍ അറിയിച്ചു.