തിരുവനന്തപുരം: മിൽമ പാലിന് വ്യാഴാഴ്ച മുതൽ വില വർധിക്കും. ലിറ്ററിന് നാല് രൂപയുടെ വർധനവാണ് വരുത്തുക. ക്ഷീര കൃഷിക്കുള്ള ചിലവ് വർധിച്ച സാഹചര്യത്തിലാണ് വില കൂട്ടാന്‍ തീരുമാനിച്ചതെന്നാണ് മിൽമയുടെ വിശദീകരണം.
മഞ്ഞകവറിൽ ലഭിക്കുന്ന ഡബിൾ ടോൺഡ് മിൽക്കിന് അഞ്ച് രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. മറ്റ് കവർ പാലുകൾക്ക് നാല് രൂപയുടെ വർധനവും വരുത്തിയിട്ടുണ്ട്. കൂട്ടിയ നാല് രൂപയിൽ മൂന്ന് രൂപ 35 പൈസ കർഷകർക്ക് നൽകുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു.
കൂട്ടിയ വിലയിൽ 16 പൈസ ക്ഷീരസംഘങ്ങൾക്കും 32 പൈസ ഏജന്‍റുമാർക്കും മൂന്ന് പൈസ ക്ഷീരകർഷക ക്ഷേമ നിധിയിലേക്കും നൽകും. പാൽ വിൽപന നടത്തുന്ന പ്ലാസ്റ്റിക് കവർ നിർമാർജ്ജനത്തിനായി ഒരു പൈസയും മാറ്റിവയ്ക്കും. പുതുക്കിയ വില രേഖപ്പെടുത്തിയ പാക്കറ്റുകൾ ലഭ്യമാകുന്നത് വരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളിൽ തന്നെ പാൽ വിതരണം ചെയ്യും. കർഷകർക്ക് എത്രയും വേഗം ഗുണം ലഭിക്കുന്നതിനാണ് വ്യാഴാഴ്ച മുതൽ തന്നെ വില വർദ്ധനവ് പ്രാബല്യത്തിൽ വരുത്താൻ തീരുമാനിച്ചതെന്ന് മിൽമ അറിയിച്ചു.