മെട്രോമാൻ ഇ ശ്രീധരൻ കേരളത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും എന്ന തലക്കെട്ടാണ് ഇന്നലെ മാധ്യമങ്ങൾ ആഘോഷിച്ചത്. പക്ഷേ അതിന് മണിക്കൂറുകളുടെ ആയുസ് മാത്രമാണുണ്ടായിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് അഴിമതി രഹിത കേരളത്തിനായി ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും എന്ന പ്രഖ്യാപനം നടത്തിയത്. പക്ഷേ വൈകുന്നേരത്തോടെ കടുത്ത അതൃപ്‌തിയുമായി ബിജെപി കേന്ദ്രനേതൃത്വം രംഗത്ത് എത്തിയതോടെ സുരേന്ദ്രന്‍റെ പ്രഖ്യാപനം സംസ്ഥാന ബിജെപിക്ക് തലവേദനയായി.
വിഷയത്തില്‍ ആദ്യം കെ സുരേന്ദ്രന്‍റെ പ്രസ്താവനയെ പിന്തുണച്ച കേന്ദ്രമന്ത്രി വി മുരളീധരനും പിന്നീട് നിലപാട് തിരുത്തി. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ദേശീയ നേതൃത്വമാണ് സാധാരണ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കെ സുരേന്ദ്രൻ അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ബിജെപി കേന്ദ്രനേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നുവെന്നുമാണ് പറഞ്ഞെതെന്നും സുരേന്ദ്രൻ ഇന്ന് തിരുത്തി. അതേസമയം, ബിജെപിയില്‍ ആശയക്കുഴപ്പമില്ലെന്നും താൻ അല്ല മുഖ്യമന്ത്രി സ്ഥാനാർഥിയെന്നും ഇ ശ്രീധരൻ ഇന്ന് പറഞ്ഞിട്ടുണ്ട്. അതോടെ ബിജെപിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് താല്‍ക്കാലിക പരിസമാപ്‌തിയായി.
പക്ഷേ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിന് ചർച്ച ചെയ്യാൻ വീണ്ടും ഡോളർ കടത്ത് കേസിന്‍റെ സത്യവാങ്‌മൂലവുമായി കസ്‌റ്റംസ് രംഗത്തെത്തി. ഡോളർ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാർക്കും സ്പീക്കർ പി ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുള്ളതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന മൊഴി നല്‍കിയതായാണ് കസ്‌റ്റംസിന്‍റെ സത്യവാങ്‌മൂലം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാണ് യുഎഇ കോൺസല്‍ ജനറലിന്‍റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളർ കടത്തിയതായി സ്വപ്‌ന മൊഴി നല്കിയെന്ന് പറയുന്നത്. ഡോളർകടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പങ്കുള്ളതായി സ്വപ്‌ന രഹസ്യമൊഴി നല്‍കിയെന്നാണ് കസ്റ്റംസ് പറയുന്നത്.
മുൻ കോൺസല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പല ഇടപാടുകളിലും കമ്മിഷൻ നല്‍കിയതായും സ്വപ്‌ന മൊഴി നല്‍കിയതായി കസ്റ്റംസ് പറയുന്നു. വാർത്ത പുറത്തുവന്ന് മിനിട്ടുകൾക്കുള്ളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തി. കസ്റ്റംസ് നല്‍കിയ സത്യവാങ്‌മൂലം ഞെട്ടിപ്പിക്കുന്നതാണെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാൻ അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്നും കോടതിയില്‍ തെളിവായി സ്വീകരിക്കുന്ന മൊഴി അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ട് മാസങ്ങളായിട്ടും നടപടി എടുക്കാത്തത് ഗൗരവകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.