തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ നാളത്തെ തിരുവനന്തപുരം സന്ദർശനത്തിന് മുന്നോടിയായി അവലോകന യോഗം ചേർന്ന് പൊലീസ്. കമ്മിഷണർ നാഗരാജു ചകിലം ഐ പി എസിന്‍റെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്. പൊലീസ് എ ആർ ക്യാമ്പിൽ ചേർന്ന യോഗത്തിൽ പ്രധാനമായും ട്രാഫിക് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിലയിരുത്തിയത്.
നഗരത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലെയും എസ്ഐമാരും സിഐമാരും യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയ്ക്കായി മൊത്തം 1,500 പൊലീസുകാരെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ സ്ഥലത്തെയും കടകൾ അടച്ചിടേണ്ട കാര്യമില്ലെന്ന് യോഗം വിലയിരുത്തി. തമ്പാനൂർ ഭാഗത്തെ കടകൾ മാത്രം അടച്ചിട്ടാൽ മതിയെന്നാണ് നിർദേശം. പ്രധാനമന്ത്രി കടന്നുപോകുന്ന വഴിയിൽ ഒരു മണിക്കൂർ മാത്രമേ ഗതാഗത നിയന്ത്രണം ഉണ്ടാവുകയുള്ളൂവെന്നും കമ്മിഷണർ അറിയിച്ചു.
പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിലും തിരുവനന്തപുരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ പ്രധാനമന്ത്രി കൊച്ചിയിൽ എത്തും. വൈകിട്ട് അഞ്ച് മണിയോടെ നാവികസേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം പെരുമാന്നൂർ ജങ്ഷനിൽ നിന്ന് തേവര സേക്രഡ്ഹാർട്ട് കോളജിലേക്ക് റോഡ്‌ഷോയായി പോകും.
തേവര കോളജ് ഗ്രൗണ്ടിലാണ് യുവം-23 പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന് ശേഷം പ്രധാനമന്ത്രി വില്ലിങ്ടൺ ദ്വീപിലെ താജ് മലബാർ ഹോട്ടലിൽ ക്രൈസ്‌തവ മതാധ്യക്ഷൻമാരുമായി കൂടിക്കാഴ്‌ച നടത്തും. ഇതേ ഹോട്ടലിലാണ് പ്രധാനമന്ത്രിയുടെ താമസം ഒരുക്കിയിരിക്കുന്നത്. തുടർന്ന് നാളെ രാവിലെ 9.25ന് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും.
10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരതിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിക്കും. പരിപാടിയുടെ ഭാഗമായി 10.50 വരെ പ്രധാനമന്ത്രി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകും. 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
കനത്ത സുരക്ഷ ക്രമീകരണങ്ങൾ: തിരുവനന്തപുരത്ത് വൻ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോ നാളെ രാവിലെ എട്ട് മുതൽ 11 മണി വരെ അടച്ചിടും. തമ്പാനൂർ ബസ് ടെർമിനലിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും ഒഴിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും പാർക്കിങ് ഒഴിപ്പിച്ചു.
ഇത് കൂടാതെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പവർ ഹൗസ് റോഡിലെ കവാടം വഴി മാത്രമായിരിക്കും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കുന്നത്. പ്ലാറ്റ്‌ഫോമിൽ ഒരുക്കേണ്ട ക്രമീകരണങ്ങൾക്കായി ശനിയാഴ്‌ച വൈകിട്ട് വന്ദേ ഭാരത് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് ട്രെയിൻ എത്തിച്ചത്. ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന ഭാഗം ബാരിക്കേഡ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 3200 കോടി രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലുമാണ് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടികൾ. കൊച്ചി വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങി നിരവധി പദ്ധതികളും പ്രധാനമന്ത്രി നാളെ ഉദ്‌ഘാടനം ചെയ്യും.