തിരുവനന്തപുരം: കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്തത് മണ്ഡലത്തിലെ ഭാഷാന്യൂനപക്ഷങ്ങള സന്തോഷിപ്പിക്കാൻ ആയിരുന്നുവെന്ന് വെളിപ്പെടുത്തി മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദീന്‍. നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിന്റെ ഭാഗമാകാതെ അടങ്ങിനിന്നത് ആദ്യ ദിനമായതുകൊണ്ടാണെന്നും ഖമറുദീൻ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിൽ ആറ് പുതിയ എംഎൽഎമാരും പങ്കെടുത്ത മീറ്റ് ദ പ്രസിൽ പാട്ടുപാടിയും ഖമറുദീൻ താരമായി.
പലതവണ തോൽവിയുടെ കയ്പ്പുനീർ അറിഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോൾ ജയവും തോൽവിയും എല്ലാം വിധി ആണെന്നായിരുന്നു അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാന്റെ മറുപടി. നിയമസഭയുടെ ചട്ടങ്ങൾ വേഗം പഠിക്കാനാണ് ശ്രമമെന്ന് എംഎൽഎമാർ വ്യക്തമാക്കി. തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന എംഎൽഎമാരെയാണ് ജനത്തിന് ഇഷ്‌ടമെന്നും യുഡിഎഫ് എംഎൽഎമാർ വ്യക്തമാക്കി. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ റവന്യൂ വരുമാനം നൽകുന്ന മേഖല എന്ന നിലയ്ക്ക് എറണാകുളം പ്രത്യേക സഹായം അർഹിക്കുന്നുവെന്ന് ടി.ജെ വിനോദ് എംഎല്‍എ ചൂണ്ടിക്കാട്ടി.
പാലായുടെ വികസനമാണ് ലക്ഷ്യമെന്നും കലാ-കായിക രംഗങ്ങൾക്കും പ്രാധാന്യം നൽകുമെന്നും മാണി സി.കാപ്പൻ പറഞ്ഞു. വട്ടിയൂർക്കാവ് ജങ്ഷന്‍ വികസനത്തിനാണ് പ്രഥമ പരിഗണനയെന്ന് വി.കെ പ്രശാന്തും കോന്നിയിലെ കർഷകരുടെയും സാധാരണക്കാരുടെയും ജീവൽ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് കെ.യു ജനീഷ് കുമാറും പറഞ്ഞു.