തിരുവനന്തപുരം : വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികള്‍ നേരിട്ട് കേള്‍ക്കാൻ വ്യവസായ മന്ത്രി പി.രാജീവ്. 'മീറ്റ് ദി മിനിസ്റ്റര്‍' എന്ന പേരില്‍ ആരംഭിക്കുന്ന പരിപാടിക്ക് ജൂലൈ 15ന് തുടക്കമാകും.
ജില്ല വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സംരംഭങ്ങള്‍ ആരംഭിച്ചവരേയും തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേയുമാണ് മന്ത്രി നേരില്‍ കാണുന്നത്.
സംരംഭകര്‍ക്ക് പരാതികൾ നേരിട്ട് മന്ത്രിയെ അറിയിക്കാം
വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസങ്ങളും സംരംഭകര്‍ക്ക് മന്ത്രിയോട് നേരിട്ടറിയിക്കാനുള്ള സൗകര്യമാണ് പരിപാടിയിലൂടെ ഒരുക്കുക.
അത്തരം പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും ഇതിലൂടെ വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് ലക്ഷ്യം.
ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, തദ്ദേശ വകുപ്പ്, ലീഗല്‍ മെട്രോളജി, മൈനിങ് ആന്‍റ് ജിയോളജി, അഗ്‌നിശമനസേന തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ല കലക്ടര്‍, ചുമതലയുള്ള ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ മന്ത്രിക്കൊപ്പം ഉണ്ടാകും.
മീറ്റ് ദി മിനിസ്റ്റര്‍ ജൂലൈ 15ന് എറണാകുളത്ത്
ആദ്യഘട്ടത്തില്‍ മൂന്ന് ജില്ലകളിലാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 15 രാവിലെ പത്ത് മണിക്ക് എറണാകുളം ജില്ലയിലാണ് ആദ്യ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി.
ജൂലൈ 16 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തും ജൂലൈ 19 രാവിലെ 10ന് കോട്ടയം ജില്ലയിലും പരിപാടി നടക്കും. ഓരോ ജില്ലയിലും പരിപാടിയുടെ സംഘാടനത്തിനായി വ്യവസായ വകുപ്പിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
പരാതികൾ മുൻകൂട്ടി അറിയിക്കാൻ സംവിധാനങ്ങൾ
പരാതികളോ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ അവ ജില്ല വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ ഈ മെയില്‍ വഴിയോ മുന്‍കൂട്ടി നല്‍കണം.
പരാതിയുടെ പകര്‍പ്പ് 'meettheminister@gmail.com' എന്ന ഇ-മെയിലിലും നല്‍കണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. മന്ത്രിയെ കാണേണ്ട സമയം അപേക്ഷകരെ മുന്‍കൂട്ടി ജില്ല വ്യവസായ കേന്ദ്രത്തില്‍ നിന്ന് അറിയിക്കും.
Also Read: സംസ്ഥാനത്ത് 13,772 പേർക്ക് കൂടി കൊവിഡ്; 142 മരണം