തിരുവനന്തപുരം: കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ജീവനക്കാരെ നിയമിച്ച് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ആദ്യ ഘട്ടത്തില്‍ 9 മെഡിക്കല്‍ കോളജുകളിലെ കാരുണ്യ ഫാര്‍മസികളിലാണ് പ്രത്യേക ജീവനക്കാരെ നിയോഗിച്ചത്.
ജനറിക് മരുന്നുകള്‍ നിര്‍ദേശിക്കാനാണ് ഡോക്‌ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ പലപ്പോഴും കാരുണ്യ ഫാര്‍മസികളില്‍ ലഭ്യമായിരുന്നില്ല. ഡോക്‌ടര്‍മാര്‍ പുതുതായി നിര്‍ദേശിക്കുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ തിരിച്ചറിയാനും പുതിയ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കാനുമാണ് ജീവനക്കാരെ പ്രത്യേകമായി നിയോഗിച്ചത്.
പേവിഷബാധയ്ക്കെതിരായ 16,000 വയല്‍ ആന്‍റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ ലഭ്യമാക്കിയിട്ടുണ്ട്. 44,000 വയല്‍ ആന്‍റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ അടുത്തയാഴ്ചയെത്തും. ഇതുകൂടാതെ 20,000 വയല്‍ ആന്‍റി റാബിസ് ഇമ്മിണോഗ്ലോബുലിന്‍ അധികമായി വാങ്ങാനും തീരുമാനമായി.
നായ്ക്കളില്‍ നിന്നും പൂച്ചകളില്‍ നിന്നും കടിയേറ്റ് ആന്‍റി റാബിസ് വാക്‌സിന്‍ എടുക്കുന്നതിനായി ആശുപത്രികളില്‍ വരുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലും ഇനിയും കൂടാന്‍ സാധ്യതയുള്ളതിനാലുമാണ് അധികമായി വാക്‌സിന്‍ ശേഖരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പേ വിഷബാധയ്‌ക്കെതിരായ വാക്‌സിന് ക്ഷാമമുണ്ടായിരുന്നു. പലരും സ്വകാര്യ ആശുപത്രിയെയാണ് ചികിത്സക്കായി സമീപിച്ചത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. എന്നാല്‍ കേരളത്തില്‍ മരുന്ന് ക്ഷാമമില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി പ്രതികരിച്ചത്. സംസ്ഥാനത്ത് പാരസെറ്റമോളടക്കം ആവശ്യത്തിന് മരുന്നില്ലെന്ന് വിമര്‍ശനമുയരുമ്പോഴും ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇക്കാര്യം പ്രതികൂലിക്കുകയാണുണ്ടായത്.
അതേ സമയം മരുന്ന് ക്ഷാമമില്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി തൊട്ടു പിന്നാലെ മരുന്ന് ക്ഷാമം തീര്‍ക്കാന്‍ ഇടപെടലുകളുമായി രംഗത്തെത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.