തിരുവനന്തപുരം: എംബി രാജേഷ് ഇന്ന് (06.09.2022) മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ്‌ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ്. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവച്ച ഒഴിവിലാണ് നിയമസഭ സ്‌പീക്കറായിരുന്ന രാജേഷിനെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത്.
രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നു. സത്യപ്രതിജ്ഞയ്‌ക്ക് ശേഷമാകും രാജേഷിന്‍റെ വകുപ്പുകളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാക്കുക. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്‌ത തദ്ദേശ സ്വയംഭരണവും എക്സൈസും വകുപ്പുകള്‍ രാജേഷിന് നല്‍കുമെന്നാണ് വിവരം.
രാജേഷ് രാജിവച്ച സ്‌പീക്കർ സ്ഥാനത്തേക്ക് എഎൻ ഷംസീറിൻ്റെ പേരാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 12ന് സ്‌പീക്കർ തെരഞ്ഞെടുപ്പ് നടത്തും. ഇതിനായി പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്.