തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തില്‍ കലാപഭൂമിയായി തിരുവനന്തപുരം നഗരം. നഗരസഭയിലെ ബിജെപി-സിപിഎം കൗൺസിലർമാരുടെ കയ്യാങ്കളിക്ക് ശേഷം യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രതിഷേധം അയയാതെ വന്നതോടെ ഗ്രനേഡും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. അതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി.
നഗരസഭ ജീവനക്കാർക്കും പ്രതിഷേധം: നഗരസഭയ്ക്ക് മുന്നിലെ പ്രതിപക്ഷ പാർട്ടികളുടെ സമരത്തില്‍ പ്രതിഷേധവുമായി നഗരസഭ ജീവനക്കാരുടെ ഇടത് സംഘടനയായ കെ.എം.സി.എസ്.യു പ്രതിഷേധ പ്രകടനം നടത്തി. വ്യാജ കത്തിന്‍റെ പേരിൽ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നഗരസഭ പ്രവർത്തനം തടസ്സപ്പെടുത്തുകയും അക്രമ സമരം നടത്തി ജീവനക്കാരെ തടയുകയും ചെയ്യുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം.