തിരുവനന്തപുരം : ഒരു മാസം മാത്രമായ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഫയലുകള്‍ പരിശോധിക്കുന്ന തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഓഗസ്റ്റ് പത്തിനായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവിനും പെൺകുഞ്ഞ് പിറക്കുന്നത്. അമ്മയായതിന് പിന്നാലെ മേയര്‍ ഓഫിസിലെ തിരക്കുകളില്‍ മുഴുകുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത് (Mayor Arya Rajendran With Baby Goes Viral).
ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടത്. ദുവയുടെ ചിത്രങ്ങൾ ആര്യയും സച്ചിൻദേവും സമൂഹമാധ്യമങ്ങളിൽ നേരത്തെ പങ്കുവച്ചിരുന്നു. സച്ചിന്‍ദേവ് എംഎല്‍എയും ഔദ്യോഗിക തിരക്കുകളിലാണ്. വ്യാഴാഴ്‌ച പൂര്‍ത്തിയായ നിയമസഭ സമ്മേളന കാലയളവിലാകെ സച്ചിന്‍ദേവ് സജീവ സാന്നിധ്യമായിരുന്നു. സിപിഎമ്മിന്‍റെ യുവനേതാക്കള്‍ എന്ന നിലയില്‍ ആര്യയുടെയും സച്ചിന്‍ ദേവിന്‍റെയും വിവാഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
2022 സെപ്റ്റംബര്‍ നാലിനായിരുന്നു ഇരുവരും വിവാഹിതരായത്. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചുവന്ന രക്തഹാരം അണിയിച്ചാണ് ആര്യയും സച്ചിനും വിവാഹിതരായത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം പങ്കെടുത്തിരുന്നു.
സിപിഎം തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ പേരിലാണ് ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് പുറത്തിറക്കിയത്. ഇതും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാഹാഭരണങ്ങള്‍ ഒഴിവാക്കിയ മേയറുടെ വേഷവിധാനങ്ങളും അന്ന് ശ്രദ്ധ നേടുകയുണ്ടായി.
കത്തില്‍ രക്ഷകര്‍ത്താക്കളുടെയും വീടിന്‍റെയും വിവരത്തിന് പകരം സച്ചിന്‍റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്വം സൂചിപ്പിച്ചാണ് പരിചയപ്പെടുത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ പാര്‍ട്ടിയും കുടുംബവും കൂടെ നിന്നു.
പിന്നീട് ഇരുവരുടെയും വീട്ടുകാരും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് വിവാഹം നിശ്ചയിക്കുകയായിരുന്നു. ഏറെ നാളത്തെ സൗഹൃദത്തിന് ശേഷമാണ് വിവാഹം ചെയ്യാമെന്ന തീരുമാനത്തില്‍ എത്തുന്നതെന്ന് ആര്യ രാജേന്ദ്രന്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരേ ആശയത്തില്‍ വിശ്വസിക്കുന്നവരായതിനാല്‍ പരസ്‌പരം മനസിലാക്കാന്‍ എളുപ്പമായിരുന്നെന്ന് ആര്യ പറഞ്ഞു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയും സിപിഎം ജില്ല കമ്മിറ്റി അംഗവുമായ സച്ചിന്‍ ദേവ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരി മണ്ഡലത്തില്‍ നിന്ന് സിനിമ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സഭയിലെത്തുന്നത് (Balussery MLA Sachin Dev). സച്ചിന്‍ ഇംഗ്ലീഷ് സാഹിത്യത്തിലും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്. 21-ാം വയസില്‍ തിരുവനന്തപുരം ഓള്‍ സെയിന്‍റ്‌സ് കോളജില്‍ ബിഎസ്‌സി വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ മേയറാകുന്നത് (Trivandrum Municipality Mayor Arya Rajendran). 2020ലെ തദ്ദേശ തെരഞ്ഞടുപ്പില്‍ തന്‍റെ എതിര്‍ സ്ഥാനാര്‍ഥിയായ യുഡിഎഫിന്‍റെ ശ്രീകലയെ 2,872 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യ പരാജയപ്പെടുത്തിയത്.