തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. തിങ്കളാഴ്ച മുതൽ നഗരസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. എന്നാൽ ഭൂരിപക്ഷം കൗൺസിലർമാരുടെയും പിന്തുണ ഉള്ളിടത്തോളം കാലം രാജിയുടെ ആവശ്യമേ ഉദിക്കുന്നില്ലെന്ന നിലപാടിലാണ് മേയർ.
അതേസമയം ഇന്നലെ കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷമുണ്ടായി. കൗണ്‍സില്‍ യോഗം മേയര്‍ നിയന്ത്രിക്കേണ്ടെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം വച്ചത്. അഴിമതി മേയര്‍ വേണ്ടെന്ന ബാനറുമായാണ് ബിജെപി അംഗങ്ങള്‍ യോഗത്തിനെത്തിയത്.
കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ തന്നെ ഈ ബാനറുമായി ബിജെപി കൗണ്‍സിലര്‍മാര്‍ മേയറുടെ ഇരിപ്പിടത്തിന് മുന്നിലെത്തി പ്രതിഷേധിച്ചു. മേയര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം. യുഡിഎഫ് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.
മുൻനിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ചയും പ്രത്യേക കൗൺസിൽ യോഗം ചേരും. നിലവിലെ സാഹചര്യത്തിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന കൗൺസിൽ യോഗത്തിലും സംഘർഷമുണ്ടാകാനാണ് സാധ്യത. കത്ത് വിവാദവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് – വിജിലൻസ് അന്വേഷണങ്ങൾ ഇഴഞ്ഞ് നീങ്ങുകയാണ്.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ഇത് വരെ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടില്ല. വിജിലൻസ് അന്വേഷണവും ഇഴയുകയാണ്. നഗരസഭയിലെ കൂടുതൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി, കംപ്യുട്ടർ പരിശോധിച്ച്, സമയമെടുത്ത് പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് വിജിലൻസ് തീരുമാനം.