തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും സ്ഥാപനവപം കെഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ജിഎസ്‌ടി അടച്ചിട്ടില്ലെന്ന കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ (MLA) യുടെ ആരോപണത്തിൽ സിപിഎം ഇന്ന് മറുപടി നല്‍കുമെന്ന് സൂചന. വീണ വിജയൻ ഐജിഎസ്‌ടി (Integrated Goods and Services Tax) അടച്ചതിന്‍റെ രേഖകൾ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും. ജിഎസ്‌ടി അടച്ചിട്ടുണ്ടെങ്കിൽ അതിന്‍റെ രേഖകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎല്‍എ ധനമന്ത്രി കെഎൻ ബാലഗോപാലിന് ഇ മെയിലിൽ പരാതി നൽകിയിരുന്നു.
പരാതി ലഭിച്ചതായി ധനമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിയെ കുറിച്ച് ധനവകുപ്പ് പരിശോധിക്കും. അതേസമയം രേഖകൾ പുറത്തുവിട്ടില്ലെങ്കിൽ മാത്യു കുഴൽനാടൻ വീണക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സൂചനയുണ്ട്. ധനമന്ത്രിക്ക് പരാതി നൽകിയെങ്കിലും മന്ത്രി ഞായറാഴ്‌ച ഓഫീസിൽ എത്താതിരുന്നതിനാൽ പരാതി ഔദ്യോഗിമായി സ്വീകരിച്ചിട്ടില്ല. ഇന്ന് പരാതി പരിശോധനയ്ക്കായി നികുതി വകുപ്പിന് കൈമാറും.
അതേസമയം ഐജിഎസ്‌ടി അടച്ചുവെന്ന് പാർട്ടി കേന്ദ്രങ്ങൾ പറയുന്നുണ്ടെങ്കിലും ആരും നിലവിൽ ഇത് സംബന്ധിച്ച രേഖകൾ പുറത്തു വിട്ടിട്ടില്ല. മാസപ്പടി വിവാദം (Monthly Quota Controversy) കത്തിനിൽക്കേ മാത്യു കുഴൽനാടന്‍റെ കുടുംബ വീട് അടങ്ങുന്ന ഭൂമി പരിശോധനയിൽ ഇന്ന് നിർണായക റിപ്പോർട്ട് തഹസിൽദാർക്ക് ലഭിക്കും. കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ നടത്തിയ പരിശോധന പൂർത്തിയാക്കിയ താലൂക്ക് സർവേ വിഭാഗത്തിന്‍റെ റിപ്പോർട്ടാണ് ഇന്ന് തഹസിൽദാർക്ക് കൈമാറുന്നത്.
അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോയെന്നും ഉണ്ടെങ്കിൽ ആ നിലം മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള റിപ്പോർട്ട് മാത്യു കുഴൽനാടന് നിർണായകമാകും. അതേസമയം മാത്യു കുഴൽനാടന്‍റെ ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ അദ്ദേഹം പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറുണ്ടോയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ചോദിച്ചിരുന്നു.
വീണയുടെ കമ്പനി പ്രതിമാസം 18 ശതമാനം ഐജിഎസ്‌ടി കൊടുത്തിട്ടുണ്ടെന്നും രേഖകൾ പൊതുസമൂഹത്തിൽ കാണിച്ചാൽ മാത്യു മാപ്പ് പറയുമോയെന്നും എകെ ബാലൻ ചോദിച്ചു. എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിച്ചതിൽ ഉറക്കം നഷ്‌ടപ്പെട്ടവർ വിവാദമുണ്ടാക്കാൻ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്നായിരുന്നു വീണയുടെ ഭർത്താവും പൊതുമരാമത്ത് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസിന്‍റെ പ്രതികരണം.
അതേസമയം മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് തന്‍റേടവും നട്ടെല്ലും ഉണ്ടോയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചോദിച്ചു. വിവാദം കത്തിനിൽക്കേ സിപിഎം വീണ ഐജിഎസ്‌ടി അടച്ചതിന്‍റെ രേഖകൾ ഇന്ന് പുറത്തുവിട്ടേക്കുമെന്നാണ് സൂചന.
കേന്ദ്രാന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ (veena vijayan) യുടെ കമ്പനിയ്‌ക്ക് കരിമണല്‍ കമ്പനി 1.72 കോടി രൂപ മാസപ്പടി (Monthly Quota Controversy) നല്‍കിയെന്ന കണ്ടെത്തലില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (k surendran).