തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ സിപിഎം വ്യാപകമായി വർഗീയ കക്ഷികൾക്ക് വോട്ട് മറിച്ചുവെന്ന കണക്കുകൾ നിരത്തി കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. കെപിസിസി റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് വിഭാഗം ആയിരം വാർഡുകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സംസ്ഥാനത്തെ പല ഇടതു ശക്തി കേന്ദ്രങ്ങളിലും എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത് വിരലിലെണ്ണാവുന്ന വോട്ടുകൾ മാത്രമാണെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി.
ആലപ്പുഴ ജില്ലയിൽ ഇത്തരത്തിൽ ക്രോസ് വോട്ടിങ് വ്യാപകമായിരുന്നു. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും പലയിടത്തും സിപിഎം ബിജെപി സഖ്യം ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ എന്നിവിടങ്ങളിലെ പ്രാഥമിക വോട്ടുകൾ പരിശോധിച്ചാൽ യുഡിഎഫിനാണ് മേൽക്കൈ. യുഡിഎഫിന്‍റെ വോട്ടുശതമാനം എൽഡിഎഫിനേക്കാൾ കൂടുതലാണെന്നും മാത്യു കുഴൽനാടൻ അവകാശപ്പെട്ടു.