തിരുവനന്തപുരം : മാസപ്പടി വിവാദത്തിലെ പുതിയ സംഭവവികാസങ്ങൾക്ക് പിന്നാലെ മാത്യു കുഴൽനാടൻ എംഎൽഎ സിപിഎം നേതാക്കൾക്ക് ഇന്ന് വാർത്ത സമ്മേളനത്തിലൂടെ മറുപടി നൽകും (Mathew Kuzhalnadan Against CPM). ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. 'എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ല. മാസപ്പടി/ജിഎസ്‌ടി വിഷയത്തില്‍ ഇന്നുച്ചയ്‌ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുന്നു' -എന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പ്.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിന് സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 1.72 കോടിക്ക് ഐജിഎസ്‌ടി അടച്ചെന്ന് സ്ഥിരീകരിക്കുന്ന ധനവകുപ്പിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം ഉന്നയിച്ച മാത്യു കുഴൽനടനെതിരെ സിപിഎം നേതാക്കൾ രംഗത്തുവന്നത് (Mathew Kuzhalnadan allegation on Veena Vijayan). മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ആവശ്യപ്പെട്ടു. എന്നാൽ മാസപ്പടി, ജിഎസ്‌ടി വിഷയങ്ങളിൽ താൻ ഉന്നയിച്ച കാര്യങ്ങളിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് മാത്യു കുഴല്‍നാടനും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ധനവകുപ്പിന്‍റെ കത്തിന്‍റെ പശ്ചാത്തലത്തിൽ താൻ മാപ്പ് പറയണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നതെന്നും ഈ വിഷയത്തിലെ വസ്‌തുതകളും തന്‍റെ ബോധ്യവും താൻ നാളെ കേരളത്തിന്‍റെ പൊതുസമൂഹത്തിന് മുമ്പിൽ വിശദീകരിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
'വിശദമായി പരിശോധിക്കാം. എന്നിട്ട് പൊതുജനം തീരുമാനിക്കട്ടെ ഞാന്‍ മാപ്പ് പറയണോ വേണ്ടയോ എന്ന്. എന്‍റെ ഭാഗം ബോധ്യപ്പെടുത്താന്‍ ആയില്ലെങ്കില്‍ മാപ്പ് പറയാന്‍ മടിക്കില്ല. അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നും പിന്നോട്ടില്ല. ജിഎസ്‌ടിയുടെ പേരില്‍ മാസപ്പടി അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അത് അനുവദിക്കില്ല... ശേഷം നാളെ' -മാത്യു കുഴല്‍നാടന്‍ ഇന്നലെ പങ്കിട്ട കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ധനവകുപ്പിന്‍റെ റിപ്പോർട്ടിന് പിന്നാലെ മാത്യു കുഴൽനാടൻ മാപ്പ് പറയുന്നതാണ് പൊതുപ്രവർത്തനത്തിൽ അദ്ദേഹത്തിന്‍റെ വിശ്വാസ്യത കൂട്ടുകയെന്നായിരുന്നു എ കെ ബാലന്‍റെ പ്രതികരണം. വീണയുടെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ രേഖയും നൽകാമെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. അപ്പോഴേക്കും അദ്ദേഹം ഔപചാരികമായി കത്ത് നൽകി.
കേരളത്തിൽ യുഡിഎഫും കോൺഗ്രസും നുണപ്രചരണത്തിന്‍റെ ഹോൾസെയിൽ ഏജൻസിയാവുകയാണ്. ഇക്കാര്യത്തിൽ നിലവിൽ വ്യക്തത വന്ന സാഹചര്യത്തിൽ മാത്യു കുഴൽനാടൻ മാപ്പ് പറയുന്നതാണ് നല്ലതെന്നും എ കെ ബാലൻ തിരുവനന്തപുരത്ത് പ്രതികരിച്ചിരുന്നു. അതേസമയം നികുതി അടച്ചത് കൊണ്ട് മാത്രം മാസപ്പടി വിവാദം തീരില്ലെന്നാണ് മാത്യു കുഴല്‍നാടന്‍റെ നിലപാട്. ഇന്ന് നടത്തുന്ന വാർത്ത സമ്മേളനത്തിൽ മാത്യു കുഴൽനാടൻ എന്തൊക്കെ വിശദാംശങ്ങളാകും നൽകുക എന്നാണ് കാണേണ്ടത്.