തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ബോക്‌സിംഗ് താരങ്ങളെ കണ്ടെത്തുന്നതില്‍ ശ്രദ്ധവേണമെന്ന് ഒളിമ്പിക്‌സ് മെഡല്‍ജേതാവ് മേരി കോം. കരുത്തുറ്റ ബോക്‌സര്‍മാരുണ്ടായിരുന്ന കേരളത്തിൽ നിന്നും നിലവില്‍ താരങ്ങൾ ഇല്ലാത്തത് നിരാശപ്പെടുത്തുന്നെന്നും താരം പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻ നൽകുന്ന ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു മേരി കോമിന്‍റെ പ്രതികരണം.
നേരത്തെ നിരവധി താരങ്ങള്‍ കേരളത്തില്‍ നിന്ന് ബോക്‌സിംഗ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങളായി അങ്ങനെയുള്ള താരങ്ങള്‍ ഉയര്‍ന്നുവരുന്നില്ല. ഈ വിഷയത്തില്‍ കേരള ഒളിമ്പിക് അസോസിയേഷനും, കേരള ബോക്‌സിംഗ് അസോസിയേഷനും പ്രത്യേക ശ്രദ്ധനല്‍കി തങ്ങളുടെ ഉത്തരവാദിത്വമായി കാണണമെന്നും മേരികോം അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് തന്‍റെ അക്കാദമിയില്‍ സൗജന്യമായ പരിശീലനം നല്‍കാന്‍ തയ്യാറാണെന്നും താരം പരിപാടിയില്‍ വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസിലടക്കം കേരളത്തിലെ താരങ്ങളെ പ്രതീക്ഷിക്കുന്നു. താന്‍ നിലവില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള പരിശീലനത്തിലാണെന്ന് പറഞ്ഞ മേരികോം ഒളിമ്പിക് സ്വര്‍ണം എന്നത് ഇപ്പോഴും ഒരു സ്വപ്‌നമാണെന്നും കൂട്ടിച്ചേര്‍ത്തു.
മുൻ കേരള ബോക്‌സർ കെ സി ലേഖയുമായുള്ള പരിശീലന കാലത്തെ അനുഭവങ്ങളെക്കുറിച്ചും മേരി കോം ചടങ്ങില്‍ സംസാരിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഒളിമ്പ്യൻമാരായ പിആർ ശ്രീജേഷ്, രവി ദഹ്യ, ബജരംഗ് പൂനിയ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കേരള ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലാണ് സമ്മാനിക്കുക.