തിരുവനന്തപുരം: കേരള സർവകലാശാല മോഡറേഷൻ തിരിമറിയിൽ ക്രമക്കേടിന് കാരണമായതായി കണ്ടെത്തിയ സോഫ്റ്റ് വെയർ മാറ്റാനുള്ള നടപടിക്രമങ്ങൾ വൈകുന്നു. സോഫ്റ്റ്‌വെയർ മാറ്റാൻ സർക്കാരിനോട് സർവകലാശാല അനുമതി തേടിയെങ്കിലും അനുമതി ഇതുവരെ ലഭിച്ചിട്ടില്ല അതേസമയം മോഡറേഷൻ തിരിമറിയിൽ ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വൈസ് ചാൻസലർ വി.പി മഹാദേവൻപിള്ള പറഞ്ഞു.
മോഡറേഷൻ അപ്ഡേറ്റ് ചെയ്യാനുള്ള സോഫ്റ്റ് വെയറിലെ പ്രോഗ്രാം കോഡിലുണ്ടായ അപാകതയാണ് ക്രമക്കേടിന് കാരണമായതെന്നാണ് യൂണിവേഴ്സിറ്റി നടത്തിയ ആഭ്യന്തര അന്വേഷണത്തിലും വിദഗ്‌ധ സമിതി അന്വേഷണത്തിലും കണ്ടെത്തിയത്. തുടർന്നാണ് അപാകത പരിഹരിക്കുന്നതിനുള്ള നടപടികൾ സർവകലാശാല ആരംഭിച്ചത്. സോഫ്റ്റ്‌വെയർ നവീകരിക്കുന്നതിന് സി ഡാക്കിനെ ചുമതലപ്പെടുത്തിയെങ്കിലും നടപടികൾ നീളുകയാണ്. സുരക്ഷ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് സി ഡാക്കുമായി ചർച്ച നടക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
അതേ സമയം സോഫ്റ്റ് വെയർ തെരഞ്ഞെടുക്കുന്നതിനുള്ള ടെണ്ടർ നടപടി പൂർത്തിയായതായും സർക്കാർ അനുമതി ലഭിച്ചാൽ ഉടന്‍ നടപ്പാക്കുമെന്നും വൈസ് ചാൻസലർ വി.പി മഹാദേവൻപിള്ള പറഞ്ഞു. പുതിയ സോഫ്റ്റ് വെയർ നടപ്പാക്കുന്നതോടെ നിലവിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ.