തിരുവനന്തപുരം: അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുകയാണ് നെയ്യാറ്റിൻകര സബ് ഡിവിഷനിലെ മാരായമുട്ടം പൊലീസ് സ്റ്റേഷൻ. 2014 ഫെബ്രുവരി മാസം ആറാം തീയതി അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് സ്റ്റേഷനിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. 900 സ്ക്വയർ ഫീറ്റ് വരുന്ന ഒറ്റ നിലയുള്ള പൊലീസ് സ്റ്റേഷൻ താൽക്കാലികമായിട്ടാണ് അന്ന് പ്രവർത്തനമാരംഭിച്ചത്. മാരായമുട്ടത്തെ ഓയിൽ സൊസൈറ്റി സ്ഥിതിചെയ്യുന്ന 25 സെന്‍റ് സ്ഥലം പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് പൊലീസ് സ്റ്റേഷന് വാങ്ങുന്നതിന് വേണ്ടിയുള്ള കരാർ ആയെങ്കിലും തുടർഭരണം നഷ്ടപ്പെട്ടതോടെ അതും മുടങ്ങി.ഇതോടെ പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടവും ലഭിച്ചില്ല.
പ്രതികളെ സൂക്ഷിക്കാനോ പരാതികളുമായി എത്തുന്നവർക്ക് ഇരിക്കാനോ വേണ്ടത്ര സൗകര്യവും ഇവിടെയില്ല. സ്റ്റേഷൻ ആരംഭിച്ച് അഞ്ചുവർഷത്തിനിടയിൽ അഞ്ച് കൊലപാതകങ്ങളും നിരവധി ഗുണ്ടാ ആക്രമണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിയാൻ പോലും സ്ഥലമില്ല .സ്റ്റേഷന് മുന്നിലെ ആറടി പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കാരണം ഇതുവഴി സഞ്ചരിക്കേണ്ട സമീപവാസികൾക്ക് അവരുടെ വാഹനത്തിൽ വീടുകളിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്.
പൊലീസ് പിടിച്ചിടുന്നതും അപകടത്തിൽപ്പെട്ട് സൂക്ഷിക്കുന്നതുമായ വാഹനങ്ങൾ റോഡരികിൽ ഇടുന്നത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്.അടിയന്തരമായി സർക്കാർ ഇടപെട്ട് മാരായമുട്ടത്തെ സ്ഥലം ഏറ്റെടുത്ത് എല്ലാവിധ സൗകര്യത്തോടും കൂടിയുള്ള പൊലീസ് സ്റ്റേഷൻ നിർമിച്ച് നൽകിയാൽ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം കാണാൻ കഴിയൂവെന്നാണ് നാട്ടുകാർ പറയുന്നത്.