തിരുവനന്തപുരം : മണിപ്പൂരിനെ കലാപ ഭൂമിയാക്കുന്ന സംഘപരിവാര്‍ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിദ്വേഷം വിതച്ച് കൊണ്ടിരിക്കുകയാണ് സംഘപരിവാറെന്നും ഇതിനെ ചെറുത്ത് തോൽപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
മണിപ്പൂരില്‍ നിന്ന് അനുദിനം വേദനജനകമായ വാര്‍ത്തകളാണ് വരുന്നത്. രണ്ട് മാസത്തിലധികമായി തുടരുന്ന വംശീയ കലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാന്‍ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേല്‍പ്പിച്ച് കൊണ്ട് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്.
അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകള്‍ ആള്‍ക്കൂട്ട കലാപകാരികളാല്‍ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്‍റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. മണിപ്പൂരിലെ പര്‍വത-താഴ്വര നിവാസികള്‍ തമ്മിലുള്ള ചരിത്ര പരമായ വൈരുദ്ധ്യങ്ങള്‍ക്ക് മേല്‍ എരിതീയില്‍ എണ്ണയൊഴിച്ച് അതിനെ വര്‍ഗീയമായി ആളിക്കത്തിക്കുകയാണ്.
ആസൂത്രിതമായ ക്രൈസ്‌തവ വേട്ടയാണ് കലാപത്തിന്‍റെ മറവില്‍ നടക്കുന്നതെന്ന് വ്യക്തമാണ്. ഗോത്ര വിഭാഗങ്ങളുടെ ക്രൈസ്‌തവ ദേവാലയങ്ങള്‍ സംഘടിതമായി ആക്രമിച്ചു തകര്‍ക്കപ്പെടുന്ന നിലയാണ് മണിപ്പൂരിലുള്ളത്. എന്നാല്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ കലാപം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്.
മണിപ്പൂര്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാരിന്‍റെ കുറ്റകരമായ മൗനവും സംഘപരിവാര്‍ അജണ്ടയും ശക്തമായി വിമര്‍ശിക്കപ്പെടുകയാണ്. വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ജീവനെടുക്കുന്ന കലാപം : മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരായി തെരുവിലൂടെ നടത്തുന്നതും അപമാനിക്കുന്നതുമായ ദൃശ്യങ്ങള്‍ ജൂലൈ 19നാണ് പുറത്ത് വന്നത്. 26 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രാജ്യത്താകമാനം പ്രതിഷേധം ആളിക്കത്തുകയാണ്. ജൂലൈ 20ന് മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നിരുന്നു.
സംഭവത്തിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. പേച്ചി അവാങ് ലെയ്‌കായി സ്വദേശിയായ ഹുയിറെ ഹെറോദാസ് മെയ്‌തി എന്ന 32കാരനെയാണ് കേസിലെ മുഖ്യപ്രതി. ഇയാളെയാണ് പൊലീസ് ആദ്യം പിടികൂടിയതും. ഇന്ന് പിടിയിലായ കേസിലെ അഞ്ചാം പ്രതിക്ക് 19 വയസ് മാത്രമാണ് പ്രായം.
അതേസമയം മണിപ്പൂരിൽ ഇതിനകം നിരവധി സ്ത്രീകള്‍ അതിക്രമത്തിന് ഇരയായതാണ് വിവരം. സ്ത്രീകളെ ബലാത്സംഗം ചെയ്‌ത ശേഷം കത്തിച്ച് കൊലപ്പെടുത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും തന്നെ പോലീസ് കാര്യമായ നടപടിയെടുത്തില്ലെന്നാണ് വിമര്‍ശനം.
നേരത്തെ നടന്ന സംഭവങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഉടലെടുത്തിരിക്കുകയാണ്. മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ഏകദേശം 160ല്‍ അധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്‌ടമായതെന്നാണ് റിപ്പോർട്ടുകൾ.
മണിപ്പൂരിലെ ജനസംഖ്യയുടെ ഏകദേശം 53 ശതമാനവും താമസിക്കുന്ന ഇംഫാൽ താഴ്‌വരയിലാണ് കലാപം രൂക്ഷമായത്. നാഗ, കുക്കി ഗോത്ര വർഗക്കാർ 40 ശതമാനവും മലയോര ജില്ലകളിലാണ് കൂടുതലും താമസിക്കുന്നത്. മെയ്‌തി വിഭാഗത്തെ പട്ടികവർഗ (എസ്‌ടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരായി ആദിവാസി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.