തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീർഥാടനം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച പ്രത്യേക സമിതി യോഗം ഇന്ന്. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഭക്തരുടെ പ്രവേശനം സംബന്ധിച്ച് ഇന്നത്തെ യോഗം ചർച്ച ചെയ്യും. വെർച്വൽ ക്യൂ വഴി ഭക്തരെ പ്രവേശിപ്പിക്കാനാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. ദർശനത്തിനെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
തുലാമാസ പൂജകൾക്കായി ഈ മാസം 16 ന് ശബരിമല നട തുറക്കുമ്പോൾ ട്രയൽ റൺ നടത്താണ് തീരുമാനം. ദേവസ്വം ബോർഡ് മുന്നോട്ടു വച്ച നിർദേശങ്ങൾ യോഗം പരിശോധിക്കും. അതേസമയം ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്ക് പുതിയ മേൽശാന്തിയെ കണ്ടത്തുന്നതിനുള്ള അഭിമുഖം ഇന്ന് നടക്കും. തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്താണ് അഭിമുഖം . ഒക്ടോബർ 17 ന് സന്നിധാനത്ത് നറുക്കെടുപ്പും നടക്കും.