തിരുവനന്തപുരം: നിരവധി സിനിമകൾക്കും സീരിയലുകൾക്കും പശ്ചാത്തലമായി മാറിയിട്ടുള്ള വെള്ളായണി കായൽ മലയാളികൾക്ക് സുപരിചിതമാണ്. എന്നാൽ സുന്ദരമായ ആ ഓർമകളെ പഴങ്കഥകളാക്കി ഈ ശുദ്ധജല തടാകം ഇന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുപ്പയായി മാറി. ഇതിൽ നിന്ന് വെള്ളായണി കായലിനെ മോചിപ്പിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുത്തിരിക്കുകയാണ് വെള്ളായണി പുഞ്ചക്കരി സ്വദേശി ബിനു.
ആദ്യമായി നിർമിച്ച തോണിയുമായി പരീക്ഷണ തുഴച്ചിലിന് വെള്ളായണി തോട്ടിലേക്ക് ഇറങ്ങിയപ്പോഴാണ് കായലിലെ മാലിന്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. അന്ന് തുടങ്ങിയ ശുദ്ധീകരണം പിന്നീട് തോടും കടന്ന് കായലിലേക്കായി. സ്വന്തമായി നിർമിച്ച ഒരു ബോട്ട് കൂടിയുണ്ട് ബുനുവിനിപ്പോൾ. അതുമായി രാവിലെയും വൈകീട്ടും മാലിന്യങ്ങൾ ശേഖരിക്കാനായി ബിനു വെള്ളായണി കായലിലെത്തും.
ഇതിനകം രണ്ടുമാസം കൊണ്ട് 300 കിലോ പ്ലാസ്റ്റിക്കുകളാണ് വെള്ളായണി കായലിൽ നിന്ന് മാത്രം ബിനു ശേഖരിച്ചത്. നാട്ടുകാരിൽ നിന്ന് ആദ്യം പരിഹാസമാണ് ലഭിച്ചിരുന്നതെങ്കിലും പിന്നീട് തന്‍റെ ഉദ്യമത്തിന്‍റെ ലക്ഷ്യം അവരും മനസിലാക്കിയതിൽ സന്തോഷമുണ്ടെന്ന് ബിനു പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ വെള്ളായണിയിലെ പ്ലാസ്റ്റിക്കുകളും പായലുകളും കാടും മാറ്റി പഴയ ഭംഗിയും ശുദ്ധിയും തിരികെ കൊണ്ടുവരികയാണ് ബിനുവിന്‍റെ ലക്ഷ്യം. അതിനായുള്ള പുതിയ ബോട്ടിന്‍റെ പണിപ്പുരയിലാണ് വെൽഡിങ് ജോലിക്കാരൻ കൂടിയായ ഇദ്ദേഹം.
പെറുക്കിയെടുത്ത മാലിന്യങ്ങളിൽ ഒരു ഏറെകുറെ സംസ്‌കരിച്ചെങ്കിലും നല്ലൊരു ശതമാനവും ഇപ്പോഴും കൂട്ടി വെച്ചിരിക്കുകയാണ്. ഇവ സംസ്‌കരിക്കാനുൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ സർക്കാർ കൂടെയുണ്ടാകുമെന്നുമാണ് ഈ ഒറ്റയാൾ പോരാളിയുടെ പ്രതീക്ഷ.