തിരുവനന്തപുരം: തമ്പാനൂർ കെഎസ്‌ആർടിസിയുടെ ഷോപ്പിങ് കോംപ്ലക്‌സിൽ 48കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നാലാഞ്ചിറ സ്വദേശി ബിനുവിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്നാണ് നിഗമനം.
ഷോപ്പിങ് കോംപ്ലക്‌സിലെ മറ്റ് വ്യാപാരികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബിനുവിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകി. സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്‌തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. തമ്പാനൂർ ബസ് ടെർമിനലിലെ കടമുറി ലീസിനെടുത്ത് വാടകയ്ക്ക് നൽകിവരികയായിരുന്നു ബിനു.
ബുക്ക് സ്റ്റാൾ ഉൾപ്പെടെ മൂന്ന് കടമുറികൾ ഇത്തരത്തിൽ ഇയാൾ നൽകിയിരുന്നതായി തമ്പാനൂർ പൊലീസ് പറഞ്ഞു. ബിസിനസിൽ അടുത്തിടെ വലിയ നഷ്‌ടം നേരിട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ബിനുവിന്‍റെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
കുടുംബാംഗങ്ങള്‍ ഒരുമിച്ച് ആത്മഹത്യക്ക് ശ്രമിച്ചു, അച്ഛനും മകളും മരിച്ചു: വിഴിഞ്ഞം പുളിങ്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അച്ഛനും മകളും ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഇക്കഴിഞ്ഞ ജൂലൈ 13നാണ് സംഭവം. പുളിങ്കുടിയിലെ അഭിരാമി ജ്വല്ലറി ഉടമയായ ശിവരാജൻ (56), മകൾ അഭിരാമി (22) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍, അമ്മയേയും മകനേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
READ MORE | Thiruvananthapuram | ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു; അച്ഛനും മകളും മരിച്ചു
ശിവരാജൻ്റെ ഭാര്യ ബിന്ദു, മകൻ അർജുൻ എന്നിവരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഴിഞ്ഞം പുളിങ്കുടി ജങ്‌ഷനിൽ ജ്വല്ലറി നടത്തിവരികയായിരുന്നു മരിച്ച ശിവരാജൻ.
വീടിന് തീകൊളുത്തി ആത്മഹത്യ ചെയ്‌ത് 54കാരന്‍: ജൂലൈ 14നാണ് മകളുടെ വിവാഹ ദിവസം അച്ഛൻ വീടിന് തീകൊളുത്തി ആത്മഹത്യ ചെയ്‌ത വാര്‍ത്ത പുറത്തുവന്നത്. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം. കൂറ്റുവേലി നമ്പുകണ്ടത്തിൽ സുരേന്ദ്രൻ (54) ആണ് മരിച്ചത്. ഇന്ന് രാവിലെ പെട്രോൾ ഒഴിച്ച് വീടിന് തീവയ്ക്കുകയായിരുന്നു. വീട് ഭാഗികമായി കത്തി നശിച്ചിരുന്നു.
സുരേന്ദ്രന്‍റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് സമീപവാസികളാണ് കണ്ടത്. ഇവർ എത്തി അണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല. സുരേന്ദ്രന്‍റെ മകൾ സൂര്യയുടെ വിവാഹം ജൂലൈ 14ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കാനിരിക്കെയാണ് സംഭവം.
READ MORE| മകളുടെ വിവാഹ ദിവസം അച്ഛൻ വീടിന് തീകൊളുത്തി ആത്മഹത്യ ചെയ്‌തു
മുഹമ്മയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. ഏറെ നാളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രൻ. ഭാര്യ നേരത്തേ മരിച്ചിരുന്നു. മൂത്ത മകൾ സൂര്യയുൾപ്പെടെ രണ്ട് പെൺമക്കളും അമ്മയുടെ ബന്ധുക്കൾക്കൊപ്പമായിരുന്നു കഴിഞ്ഞുവന്നിരുന്നത്.
സുരേന്ദ്രൻ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. വിവാഹത്തിൽ പങ്കെടുക്കാനായി സുരേന്ദ്രന്‍റെ അമ്മ മുഹമ്മക്ക് പോയിരുന്നു. ഈ സമയത്താണ് സുരേന്ദ്രൻ തീ കൊളുത്തി ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.