കോഴിക്കോട് : കാറിൽ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെ ഡാൻസാഫും പന്തീരാങ്കാവ് പൊലീസും ചേർന്ന് പിടികൂടി. പന്തീരാങ്കാവിന് സമീപം മാത്തറയിൽവച്ചായിരുന്നു അറസ്റ്റ്. കല്ലായി ചക്കും കടവ് സ്വദേശിയായ ചെമ്മങ്ങണ്ടി പറമ്പ് മർഷിദലി, എന്ന ലാലു ( 35 )ആണ് പിടിയിലായത്. നാല് കിലോ കഞ്ചാവാണ് കണ്ടെടുത്തത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.
ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് നഗരത്തിൽ നിന്ന് 52 കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ഡാൻസാഫ് സംഘത്തിനൊപ്പം പന്തീരാങ്കാവ് എസ് ഐ വി ആർ.അരുൺ, എസ് സി പി ഒ രഞ്ജിത്ത്, സബീഷ്, ഡ്രൈവർ ബഷീർ എന്നിവരും നേതൃത്വം നൽകി. പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പരിശോധനകള്‍ വ്യാപകമാണ്.
വന്‍തോതില്‍ രാസലഹരി അടക്കമുള്ളവ സംസ്ഥാനത്ത് എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പുതുവത്സരാഘോഷ പരിപാടികളെല്ലാം തന്നെ പൊലീസിന്‍റെ ശക്തമായ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് നിത്യവും വിവിധയിടങ്ങളില്‍ നിന്ന് കഞ്ചാവ് മുതല്‍ രാസലഹരി വരെയുള്ളവ പിടികൂടുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. വന്‍കിട ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പുതുവത്സരാഘോഷങ്ങള്‍ക്ക് വന്‍തോതില്‍ ലഹരി ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ വലിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇവ എത്തിക്കുന്നവരെ കുടുക്കാന്‍ സംസ്ഥാന പൊലീസ് ശക്തമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. ഇത്തരം പാര്‍ട്ടികളില്‍ സിനിമ മേഖലയിലെ അടക്കമുള്ള പ്രമുഖരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം മടങ്ങുന്നവര്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങളിലും ലഹരിയുടെ പങ്കുണ്ടെന്ന കണ്ടെത്തലുണ്ട്.
Also Read: ഒരാഴ്‌ചകൊണ്ട് 14000 അറസ്‌റ്റ്; മയക്കുമരുന്ന് കടത്തുകാരെ പൂട്ടാനുറച്ച് ശ്രീലങ്ക
കൊച്ചി കേന്ദ്രീകരിച്ചാണ് രാസലഹരിയില്‍ അധികവും എത്തുന്നത്. തിരുവനന്തപുരത്തെ പുതുവത്സരാഘോഷങ്ങളിലും രാസലഹരികള്‍ കലരുന്നതായി റിപ്പോര്‍ട്ടുണ്ട്. പൊലീസ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള പ്രമുഖ കേന്ദ്രങ്ങങളില്‍ പോലും ആഘോഷങ്ങളില്‍ ലഹരി ഒഴിച്ചുകൂടാനാകാത്തതാണെന്ന വിവരം പുറത്തുവരുന്നുണ്ട്.