തിരുവനന്തപുരം: സീരിയൽ -ചലച്ചിത്ര താരങ്ങളുടെ മുഖം മോർഫ് ചെയ്‌ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് പിടികൂടി. കരിപ്പൂർ ഷീജ ഭവനിൽ സൂരജ് ദിനേശാണ് (25) പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിവിധ മൊബൈൽ ആപ്പുകളുടെ സഹായത്തോടെ മുപ്പതിലധികം താരങ്ങളുടെ ചിത്രങ്ങളാണ് മോർഫിങും എഡിറ്റിങ്ങും നടത്തി നിർമ്മിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. പ്രമുഖ സീരിയൽ താരം സൈബർ സെല്ലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണറുടെ നിർദേശപ്രകാരം വട്ടിയൂർക്കാവ് എസ്ഐ എ.എസ് ശാന്തകുമാർ, എഎസ്ഐ കെ. ശ്രീകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.