തിരുവനന്തപുരം: കേരളീയം ഒരു മഹത്തായ ആശയത്തിന്‍റെ തുടക്കമെന്ന് മമ്മൂട്ടി. ലോകമാദരിക്കുന്ന ജനതയായി കേരളം മാറട്ടെയെന്നും കേരളീയത്തിന്‍റെ ഉദ്ഘാടന വേദിയില്‍ മമ്മൂട്ടി പറഞ്ഞു. കേരളീയത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരിൽ ഒരാളാണ് മമ്മൂട്ടി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ തിങ്ങി നിറഞ്ഞ നൂറുകണക്കിന് ജനങ്ങളെ സാക്ഷിയാക്കിയാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേരളീയത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന എന്നീ സിനിമ താരങ്ങളും വ്യവസായ പ്രമുഖരും വിദേശ നയതന്ത്ര പ്രതിനിധികളും ചേര്‍ന്ന് കേരളീയം ചടങ്ങിന് തിരി തെളിച്ചത്. നിറഞ്ഞ സദസിന് നമസ്‌കാരം പറഞ്ഞ് തന്‍റെ പ്രസംഗം ആരംഭിച്ച മമ്മൂട്ടി അദ്യം തന്നെ എല്ലാവര്‍ക്കും കേരള പിറവി ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് എഴുതി തയ്യാറാക്കിയ പ്രസംഗമില്ലാത്തതിനാല്‍ വാക്ക് പിഴ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ മാപ്പ് നൽകണമെന്നും അപേക്ഷ. വേദിയില്‍ സ്‌പീക്കറായിരുന്നു തന്‍റെയടുത്ത്. അദ്ദേഹത്തിന് വാക്ക് പിഴ സംഭവിച്ചാല്‍ രേഖകളില്‍ നിന്നും നീക്കം ചെയ്യാം. എനിക്ക് നാക്ക് പിഴ സംഭവിച്ചാല്‍ പിഴച്ചത് തന്നെയെന്നും താരം തമാശരൂപേണ പറഞ്ഞു.
READ ALSO: ഇങ്ങനെയൊരു ചിത്രം അത്യപൂർവം; തരംഗമായി മോഹന്‍ലാലിന്‍റെ കേരളീയം സെല്‍ഫി
മഹത്തായ ആശയത്തിന്‍റെ തുടക്കമാണ് കേരളീയമെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. ലോക സാഹോദര്യത്തിന്‍റെ വലിയൊരു വികാരമായി കേരളീയം മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. നമ്മള്‍ ലോകത്തിന് തന്നെ മാതൃകയാണ്. സ്‌നേഹത്തിനും സൗഹാര്‍ദത്തിനും ലോകത്തിലെ ഏറ്റവും വലിയ മാതൃക കേരളമായി തീരട്ടെ.
എല്ലാ വ്യത്യാസങ്ങളും മാറ്റിവച്ച് കേരളീയരെന്ന വികാരമാണ് നമുക്കെല്ലാമുള്ളത്. നമ്മളില്‍ കൂടുതല്‍ പേരും മുണ്ടുടുക്കുന്നവരാണ്, മലയാളം സംസാരിക്കുന്നവരാണ്. മലയാളം കേട്ടാല്‍ സംസാരിക്കുന്നവരാണ്. നമ്മളുടെ ആശയങ്ങളും സങ്കൽപങ്ങളും സ്വപ്‌നങ്ങളും ഒന്നാണ്.
നാമൊന്നായി സ്വപ്‌നം കണ്ടതാണ് ഇന്ന് കാണുന്ന കേരളം. എല്ലാ വ്യത്യാസങ്ങളെയും മറന്ന് നമ്മള്‍ ഒരുമിച്ച് ഒന്നായി ചിന്തിച്ച് ഒന്നായി പ്രയത്‌നിച്ച് കേരളത്തെ ഉയരങ്ങളിൽ എത്തിക്കണം. ലോകം ആദരിക്കുന്ന ഒരു ജനതയായി കേരള ജനത മാറട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2016 മുതല്‍ അധികാരത്തിലുള്ള പിണറായി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം എന്ന വന്‍ പ്രചാരണ പരിപാടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. തിരുവനന്തപുരത്തെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന തരത്തില്‍ എല്ലാ വര്‍ഷവും ഇനി മുതല്‍ കേരളീയം നവംബര്‍ 1 മുതല്‍ ഒരാഴ്‌ചക്കാലം ആഘോഷിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
കേരളം വികസന, സാമൂഹിക, സാംസ്‌കാരിക രംഗത്ത് പുതിയ ചുവടുറപ്പിക്കുകയാണെന്നും എല്ലാ വര്‍ഷവും ഇനി മുതല്‍ പ്രത്യേക ആഘോഷമായി കേരള പിറവി ദിനം മുതല്‍ കേരളീയം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.
READ MORE: കേരളീയം ആദ്യ എഡിഷന് തലസ്ഥാന നഗരിയിൽ പ്രൗഢ ഗംഭീര തുടക്കം; ബഹിഷ്‌കരിച്ച് പ്രതിപക്ഷം