തിരുവനന്തപുരം: ഇന്ത്യന്‍ ശാസ്‌ത്രീയ നൃത്തത്തിന് ലോകഖ്യാതി നേടിക്കൊടുത്ത നര്‍ത്തകിയും പത്മഭൂഷണ്‍ ജേതാവുമായ മല്ലിക സാരാഭായിയെ കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രശസ്‌ത നര്‍ത്തകി മൃണാളിനി സാരാഭായിയുടേയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടേയും മകളാണ്.
കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ് മല്ലിക. നൃത്തത്തിനു പുറമെ നാടകം, സിനിമ, ടെലിവിഷന്‍, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലെല്ലാം തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സാമൂഹിക പരിവര്‍ത്തനത്തിനാണ് കലയെ അവര്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
കലാകേരളത്തിന് ഗുണകരമായി മാറുമെന്ന് സര്‍ക്കാര്‍: പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി സാരാഭായ്. 1953ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്‍റ് സേവ്യേഴ്‌സ് കലാലയത്തില്‍ പഠിച്ചു. അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്ന് എംബിഎ ബിരുദം കരസ്ഥമാക്കി.
ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1976ല്‍ ഡോക്‌ടറേറ്റും നേടി. ചെറുപ്പത്തിലേ നൃത്തം പഠിക്കാന്‍ തുടങ്ങിയിരുന്ന മല്ലിക 15 വയസുള്ളപ്പോള്‍ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പീറ്റര്‍ ബ്രൂക്ക്‌സിന്‍റെ 'ദി മഹാഭാരത' എന്ന നാടകത്തില്‍ ദ്രൗപതിയെ അവതരിപ്പിച്ചാണ് ശ്രദ്ധേയയായത്. നര്‍ത്തകി എന്നതോടൊപ്പം തന്നെ സാമുഹിക പ്രവര്‍ത്തക കൂടിയാണ് മല്ലിക.
അഹമ്മദാബാദിലെ 'ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോര്‍മിങ് ആര്‍ട്‌സ് ഇന്നും കലയെ സമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള ഉപാധിയായി നിലര്‍ത്തുന്നതില്‍ സജീവമാണ്. സമകാലീന വിഷയവുമായി ബന്ധപ്പെട്ട നിരവധി രചനകള്‍ മല്ലിക സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യന്‍ നാട്യകലയെക്കുറിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
മല്ലികയുടെ ഓര്‍മകളുടെ സമാഹാരമാണ് 'ഫ്രീ ഫാള്‍: മൈ എക്സ്പെരിമെന്‍റ്സ് വിത്ത് ലിവിങ്'. ടിവി ചന്ദ്രന്‍ സംവിധാനം ചെയ്‌ത ഡാനി എന്ന മലയാള ചിത്രത്തിലും മല്ലിക സാരാഭായ് മുഖം കാണിച്ചിട്ടുണ്ട്. കലാമണ്ഡലം ചാന്‍സലര്‍ പദവിയിലേക്കുള്ള മല്ലിക സാരാഭായിയുടെ നിയമനം കലാകേരളത്തിന് ഗുണകരമായി മാറുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍.
- ലഭിച്ച ബഹുമതികള്‍
- ഗുജറാത്ത് സര്‍ക്കാറിന്‍റെ മികച്ച നടിക്കുള്ള പുരസ്‌കാരം - 1975
- പാരിസ് തിയേറ്റര്‍ ഡി ചമ്പ്‌സ് എലൈസിയുടെ മികച്ച നര്‍ത്തകിയ്‌ക്കുള്ള സോളോയിസ്റ്റ് പുരസ്‌കാരം - 1977
- ഷീഷ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം - 1984
- ഫ്രഞ്ച് സര്‍ക്കാറിന്‍റെ ഷെവലിയര്‍ ഡി പാംസ് അക്കാദമിക് പുരസ്‌കാരം - 1999
- സംഗീത നാടക അക്കാദമി പുരസ്‌കാരം - 2000
- നോബല്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചു - 2005
- യുഎന്‍എഫ്‌പിഎ - ലാഡ്‌ലി മീഡിയ അവാര്‍ഡ് - 2006-2007
- പാസ്റ്റ തിയേറ്റര്‍ അവാര്‍ഡ് - 2007
- ദാവോസ് വേള്‍ഡ് ഇക്കണോമിക് ഫോറം ക്രിസ്റ്റല്‍ അവാര്‍ഡ് - 2009
- മുംബൈ ഇന്‍റര്‍നാഷണല്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് - 2009
- ഡോ. ലോഹ്യ ബര്‍ത്ത് സെന്‍റിനറി ഹോണററി അവാര്‍ഡ് - 2009
- രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു - 2010
- ശ്യാം മുന്‍ഷി അവാര്‍ഡ് - 2010
- അഹമ്മദാബാദ് ഭാരത് അസ്‌മിത ജനശ്രേഷ്‌ഠ അവാര്‍ഡ് - 2011
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ വിശിഷ്‌ട പുരസ്‌കാരം - 2011
- ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി മുംബൈ, സ്ത്രീ രത്‌ന പുരസ്‌കാരം - 2022