തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി ആവര്‍ത്തിക്കുന്നതിനിടെ വിദേശ യാത്രക്കൊരുങ്ങി വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മന്ത്രിയും ഉദ്യോഗസ്ഥരും 17ന് മാലദ്വീപിലേക്ക് പോകും. മാലദ്വീപില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് യാത്രയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
സംസ്ഥാനത്തെ കോളജുകളിലേക്ക് വിദേശ വിദ്യാര്‍ഥികള്‍ എത്തിയാല്‍ കോളജുകളുടെ റാങ്കിങ് ഉയരുമെന്നും സര്‍ക്കാര്‍ പറയുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്ര വിവാദമായതിനു പിന്നാലെയാണ് ജലീലിന്റെ യാത്ര. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാങ്കേതിക സര്‍വകലാശാല പ്രോ വി.സി, അസാപ് പ്രതിനിധി, എഐസിടിഇ ഡയറക്ടര്‍ എന്നിവരാണ് മന്ത്രിയോടൊപ്പം സംഘത്തിലുള്ളത്. മാലദ്വീപിലേക്കുള്ള വിമാന യാത്ര, താമസം, അവിടുത്തെ യാത്ര, ഫോണ്‍, ഇന്റര്നെറ്റ് എന്നിവയുടെ ചെലവും സംസ്ഥാന സര്‍ക്കാരായിരിക്കും വഹിക്കുക. ഇതിനു പുറമെ വിദേശ സന്ദര്‍ശനത്തിന് അലവന്‍സായി പ്രതിദിനം 60 അമേരിക്കന്‍ ഡോളറും നല്‍കും.