തിരുവനന്തപുരം : മലയിൻകീഴില്‍ 16 കാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവുൾപ്പടെയുള്ള 6 പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ നൽകി. അരുൺ, വിഷ്‌ണു, ഡിവെഎഫ്ഐ നേതാവ് വിനീഷ്, അഭിജിത്ത്, അച്ചു, അരുൺ എന്നിവരെയാണ് കസ്റ്റഡിയിൽ നൽകിയത്. മൊത്തം ഏഴ് കേസുകൾ രജിസ്റ്റർ ചെയ്‌തതിൽ ആറെണ്ണത്തിലാണ് പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.
സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്‌ജി എം പി ഷിബുവിന്‍റേതാണ് ഉത്തരവ്. സംഭവ സ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകൾ രാസ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്‍റെ മുന്നോടിയായി പ്രതികളിൽ നിന്നും തെളിവുകൾ ശേഖരിക്കണമെന്ന പ്രൊസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കസ്റ്റഡിയിൽ നൽകിയത്. വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പലദിവസങ്ങളിലായി ആറുപ്രതികളും പീഡിപ്പിച്ചുവെന്നാണ് കേസ്.
പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ കാട്ടായിക്കോണം അജിത് പ്രസാദ് ഹാജരായി.