തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കി മഹിള മോർച്ച. ഇന്ന് (09.11.22) രാവിലെ മേയറുടെ ഓഫീസിനു മുന്നിൽ മഹിള മോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധം നടത്തി. അതിനുശേഷം നഗരസഭ ഓഫീസിലേക്ക് പ്രകടനമായെത്തിയ പ്രതിഷേധക്കാർ ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ചു.
പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. ഇതിന് പിന്നാലെ കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിലൂടെ പ്രതിഷേധക്കാർ കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിൽ കടന്നു. കോർപ്പറേഷൻ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ ഏറെ പ്രയാസപ്പെട്ടതാണ് വനിത പൊലീസ് തടഞ്ഞത്.
ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്ന വനിത പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ പ്രവർത്തകരെ തടയാൻ ഏറെ പണിപ്പെട്ടു. പിന്നാലെ കൂടുതൽ വനിതാ പൊലീസുകാരത്തി പ്രതിഷേധക്കാരെ ഓഫീസിനു മുന്നിൽ നിന്ന് തള്ളി മാറ്റി. ഇതിനിടെ ചെറിയ രീതിയിൽ ലാത്തിച്ചാർജും നടന്നു. നേതാക്കൾ പ്രതിഷേധക്കാരെ അനുനയിപ്പിച്ച് കവാടത്തിന് മുന്നിൽ ധർണ്ണ നടത്തി.
ഇന്നത്തെ പ്രതിഷേധം ടെസ്റ്റ് മാത്രമാണെന്നും വറും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കുമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത ബിജെപി ജില്ല സെക്രട്ടറി വിവി രാജേഷ് പറഞ്ഞു. മേയർ രാജിവയ്ക്കുന്നത് വരെ കോർപ്പറേഷനിൽ സമരം തുടരാനാണ് ബിജെപി തീരുമാനം.