തിരുവനന്തപുരം: ശബ്‌ദത്തിന്‍റെ പരിമിതികൾ വരകളിലൂടെ മറികടക്കുകയാണ് കൊല്ലം സ്വദേശി എം.കെ. മഹേഷ്. കേൾവിക്കും സംസാരത്തിനും പരിമിതിയുള്ള ഈ കലാകാരൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമാകുകയാണ്. 25 വർഷമായി വരയെ കൂട്ടുകാരനാക്കിയ മഹേഷിന്‍റെ ചിത്രങ്ങളുടെ ആദ്യപ്രദർശനമാണ് തിരുവനന്തപുരം മ്യൂസിയം ആർട്ട് ഗാലറിയിൽ നടക്കുന്നത്. ചൊവ്വാഴ്ച വരെയാണ് പ്രദർശനം. ഇവയിൽ പ്രധാന ആകർഷണമായി മാറുന്നത് ദശാവതാരങ്ങളുടെ ചിത്രങ്ങളാണ്.
കേൾവിശക്തിയും സംസാരശേഷിയും കുറവാണെങ്കിലും ശ്രവണ സഹായി ഉപയോഗിച്ചാൽ അല്‍പം കേൾക്കാൻ സാധിക്കും. 10 വർഷമായി മ്യൂറൽ പെയിന്‍റിങ്ങിൽ സജീവമായ മഹേഷ് വരച്ചതിൽ ഏറെയും കൃഷ്ണ ചിത്രങ്ങളാണ്. സംസാരശേഷി ഇല്ലാത്ത ഇദ്ദേഹത്തിന്‍റെ ഭാര്യ സ്മിതയും ചിത്രകാരിയാണ്.